കാളിദാസ് കൊലാംബ്കര്‍ മഹാരാഷ്ട്രാ പ്രോടേം സ്പീക്കര്‍; സഭയുടെ പ്രത്യേക സമ്മേളനം നാളെ

മഹാരാഷ്ട്ര നിയമ സഭയിലെ പ്രോടേം സ്പീക്കറായി മുതിർന്ന ബിജെപി നേതാവ് കാളിദാസ് കൊലാംബ്കർ സത്യപ്രതിജ്ഞ ചെയ്തു. മുൻപ് ശിവസേനയുമായും കോൺ​ഗ്രസുമായും അടുപ്പം പുലർത്തിയിരുന്ന നേതാവാണ് കാളിദാസ്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയാണ് കാളിദാസ് കൊലാംബ്കറെ പ്രോടേം സ്പീക്കറായി നിയോഗിച്ചത്. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക. ബുധനാഴ്ച രാവിലെ എട്ടിന് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ​​ഗവർണർ വിളിച്ചിട്ടുണ്ട്. നിലവിലെ എം.എൽ.എമാരിൽ ഏറ്റവും പ്രായം കൂടിയെ വ്യക്തിയെയാണ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. ആറാം തവണയാണ് കാളിദാസ് കൊളാംബ്കറെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഫഡ്‌നാവിസിന്റെയും രാജി.