അജിത് പവാർ ദുർബലനാകും, സുപ്രിയ കരുത്തയാകും

മുംബൈ: എൻ.സി.പിയെ പ്രതിരോധത്തിലാക്കി അർദ്ധരാത്രി നടത്തിയ നീക്കത്തിലൂടെയാണ് അജിത് പവാർ ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. എന്നാൽ, പോയതുപോലെ തന്നെ അജിത് പവാർ എൻ.സി.പിയിലേക്ക് തിരിച്ചുവന്നു. ഉപമുഖ്യമന്ത്രി സ്ഥാം രാജിവയ്ക്കുന്നതായി അജിത് പവാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അമ്മാവൻ കൂടിയായ എൻ.സി.പിയുടെ നെടുംതൂൺ ശരദ് പവാർ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്. ബി.ജെ.പി വിഡ്ഢിയാക്കുകായണെന്നും ഇപ്പോൾ തിരിച്ചുവന്നാൽ എല്ലാം ക്ഷമിക്കാമെന്നുമായിരുന്നു സംഭാഷണത്തിന്റെ കാതൽ. എന്നാൽ, തിരിച്ചുവരുന്ന അജിത് പവാറിന് മുമ്പുണ്ടായിരുന്ന അത്ര സ്വാധീനം ഇനി എൻ.സി.പിയിൽ ഉണ്ടാകുമോ എന്നത് വലിയ ചോദ്യമാണ്. കാരണം, അജിത് പവാറിന്റെ ചുവടുമാറ്റത്തോടെ എം.പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ പാർട്ടിയിലെ രണ്ടാമൻ എന്ന സ്ഥാനത്തേക്ക് ഏറെക്കുറെ എത്തിയിട്ടുണ്ട്.

2006ലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് കുറച്ച് മുമ്പ് മുതലാണ് സജ്ജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് സുപ്രിയ കടക്കുന്നത്. പിന്നീട് 2009ൽ ശരദ് പവാർ പ്രതിനിധീകരിച്ചിരുന്ന ബാരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് സുപ്രിയ മത്സരിച്ചു. പിന്നീടങ്ങോട്ട് ബാരാമതി മണ്ഡലമായിരുന്നു സുപ്രിയയുടെ തട്ടകം. സുപ്രിയയെ പവാറിന്റെ രാഷ്ട്രീയ അവകാശിയായി ഉയർത്തിക്കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാ കാര്യങ്ങളിലും പാർട്ടിയിൽ രണ്ടാം സ്ഥാനത്ത് നിന്നത് അജിത് പവാറാണ്. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു മുതൽ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വരെ അജിത് നിർണായക പങ്ക് വഹിച്ചു. പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ പോലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്നു.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അജിത് പവാറിന്റെ പിന്തുണക്കാരായ നിരവധി പേർക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയിരുന്നു. രണ്ട് സഹോദരങ്ങളും സൗഹാർദ്ദപരമായ ബന്ധം പങ്കുവെച്ചിരുന്നുവെങ്കിലും ശരദ് പവാർ പാർട്ടിയിലെ രണ്ടാമനായി സുപ്രിയയെയാണ് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് അജിത് പവാറിന്റെ അനുയായികൾക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ,എം.പി ആയതിനാൽ തന്റെ പ്രവർത്തനം ഡൽഹിയിലാണെന്നും മഹാരാഷ്ട്രയിലെ പാർട്ടി കാര്യങ്ങൾ അജിത് പവാറാണ് നോക്കുകയെന്നുമായിരുന്നു സുപ്രിയ പലപ്പോഴായി ഇതിന് മറുപടിയായി പറഞ്ഞത്. എന്നാൽ, വിമത സ്വരമുയർത്തി അജിത് പവാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കാര്യങ്ങൾ മാറിമറിഞ്ഞു.

ശരദ് പവാറിന് അജിതിന്റെ മേലുള്ള വിശ്വാസത്തിന് കോട്ടം തട്ടിയതിനാൽ എൻ.സി.പിയിൽ സുപ്രിയയ്ക്കുള്ള സ്വാധീനം കൂടാനേ സാദ്ധ്യതയുള്ളൂ. ‘ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി തീരുമാനങ്ങളെടുക്കുന്നതിൽ സുപ്രിയ സുലെയുടെ പങ്ക് വ്യക്തമായി തെളിഞ്ഞു കാണാം. ജയന്ത് പാട്ടീലിനെ സംസ്ഥാന യൂണിറ്റ് തലവനായി തെരഞ്ഞെടുത്തുള്ള ശരദ് പവാറിന്റെ തീരുമാനത്തിലും സുപ്രിയ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ‘ഞാൻ മുൻനിരയിൽ നിന്ന് നയിക്കും’-നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പിന്നാലെ സുപ്രിയ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

1969ൽ ജനിച്ച സുപ്രിയ സുലെ മൈക്രോബയോളി ബിരുദദാരിയാണ്. വിവാഹ ശേഷം ഭർത്താവ് സദാനന്ത സുലേയ്ക്കൊപ്പം യു.എസിലും സിങ്കപ്പൂരിലും താമസിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്നപ്പോഴും രാഷ്ട്രീയ പ്രവർത്തനത്തിൽ വലിയ താൽപര്യം ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സുപ്രിയ പിന്നീട് 2000ത്തിന് ശേഷമാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി പ്രവർത്തനത്തിൽ സജ്ജീവമാണ് സുപ്രിയ. 2012ൽ വനിതാ കൂട്ടായ്മയായ രാഷ്ട്രവർദി യുവതി കോൺഗ്രസിന് രൂപം നൽകി. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യ പങ്കുവഹിച്ചു. എൻ.സി.പിയുടെ നേതൃമുഖമായി സുപ്രിയ വളർന്നുവന്നാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല. ”അജിത് പവാറിനു പകരം ഒറ്റരാത്രികൊണ്ട് അവർ സ്ഥാനമേൽക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അജിതിൽ നിന്ന് വ്യത്യസ്തയാണ് സുപ്രിയ. സംഘടനാപരമായ വിഷയങ്ങളിൽ സുപ്രിയയ്ക്ക് വളരെയധികം താൽപര്യമുണ്ട്. വരും ദിവസങ്ങളിൽ അവർ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. പാർട്ടിയുടെ പുതിയ മുഖമായി അവർക്ക് ഉയർന്നുവരാൻ കഴിയും’- രാഷ്ട്രീയ നിരീക്ഷകൻ പദ്മഭൂഷൻ ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടിരുന്നു.