ശബരിമല പ്രവേശനം: തൃപ്തി ദേശായി കേരളത്തില്‍; സംഘത്തിലുള്ള ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധം; തനിക്ക് നേരെ മുളകുപൊടിയെറിഞ്ഞെന്ന് ബിന്ദു അമ്മിണി

കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. നാലംഗ സംഘത്തിനൊപ്പം പുലർച്ചെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിൻഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത് കൂടാതെ കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.ദർശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണർ ഓഫീസിലെത്തിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധമുണ്ടായി. തന്നെ തടഞ്ഞ പ്രതിഷേധക്കാർ മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. മുഖത്ത് മുളകുപൊടി എറിഞ്ഞ ആളെ ബിന്ദു തന്നെ പൊലീസിന് ചൂണ്ടിക്കാട്ടുകയും ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സി.രാജഗോപാലാചാരിയും പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്നു. ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദുഅമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും സ്വകാര്യ വാഹനത്തിൽ നിലയ്ക്കലിലേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാൽ ശബരിമല കർമസമിതി അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോവുകയായിരുന്നു.