കാറ്റു പോയ ബലൂണ്‍ പോലെ ബി.ജെ.പി

മുംബൈ: അവസാന നിമിഷം വരെയുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടായി മാറില്ലെന്ന് ഉറപ്പായപ്പോള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കളത്തില്‍ പിന്മാറി ബി.ജെ.പി. നാളെക്കാണാം എന്ന ബി.ജെ.പി നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയായിരുന്നു ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍. പതിവു പോലെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അത്ഭുതം കാട്ടുമെന്നും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത്ഭുതങ്ങള്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമായതോടെ ബി.ജെ.പി ഗോദയില്‍ നിന്ന് പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താകുന്നത് രണ്ടാം തവണയാണ്.സുപ്രിംകോടതി വിധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി വര്‍ക്കിങ് പ്രസിഡണ്ട് ജെ.പി നഡ്ഢ എന്നിവര്‍ നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് രാജി വയ്ക്കാനുള്ള തീരുമാനമുണ്ടായത്. ചര്‍ച്ചയ്ക്കു പിന്നാലെ അജിത് പവാറും മുന്‍ ബി.ജെ.പി സ്പീക്കര്‍ ഹരിബാവു ബാഗഡെയും ദേവേന്ദ്രഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിധിക്കു പിന്നാലെ കേവലഭൂരിപക്ഷത്തിനായി അറ്റക്കൈ പ്രയോഗം നടത്താമെന്ന തീരുമാനത്തിലായിരുന്നു ബി.ജെ.പി. എല്ലാ എം.എല്‍.എമാരോടും ഇന്ന് വാംഖഡെ സ്‌റ്റേഡിയത്തില്‍ എത്താനും ആവശ്യപ്പെട്ടിരുന്നു. 40 പേരെ എങ്ങനെയെങ്കിലും കളം മറിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും ഒരു വിട്ടുവീഴ്ചയില്ലാതെ നിലനിന്നതോടെ കാര്യങ്ങള്‍ കുഴയുകയായിരുന്നു.

ബി.ജെ.പിയുടേതിന് സമാനമായ നീക്കങ്ങള്‍ പ്രതിപക്ഷത്തും നടന്നു. സോഫിടെല്‍ ഹോട്ടലില്‍ മുതിര്‍ന്ന എന്‍.സി.പി-ശിവസേന നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. എന്‍.സി.പിയുടെ ഭാഗത്ത് നിന്ന് ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, സുപ്രിയ സുലെ, ഛഗന്‍ ഭുജ്പലും ശിവസേനയുടെ ഭാഗത്തു നിന്ന് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് തുടങ്ങിയവരും പങ്കെടുത്തു. എം.എല്‍.എമാര്‍ താമസിക്കുന്ന മാരിയറ്റ് ഹോട്ടലില്‍ കോണ്‍ഗ്രസും നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹെബ് തോറത്തിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് ത്രികക്ഷി സഖ്യത്തിന്റെ സംയുക്ത യോഗം ചേരുന്നുണ്ട്.

ഓപറേഷന്‍ ലോട്ടസ് എന്നു പേരിട്ട മറ്റൊരു രാഷ്ട്രീയ കരുനീക്കമാണ് പരാജയപ്പെടുന്നത്. സേന-എന്‍.സി.പി-കോണ്‍ഗ്രസ് വിട്ടുവന്ന നാരായണ്‍ റാണെ, രാധാകൃഷ്ണ വിഖെ പാട്ടീല്‍, ഗണേഷ് നായിക്, ബാബന്‍ റാവു പഛ്പുതെ എന്നിവര്‍ക്കായിരുന്നു ഓപറേഷന്‍ ലോട്ടസിന്റെ ചുമതല. സേനാ എം.എല്‍.എമാരുമായി ബന്ധപ്പെടുന്നത് റാണെയാണ്. വിഖെ പാട്ടീല്‍ കോണ്‍ഗ്രസുമായും ഗണേഷ് എന്‍.സി.പിയുമായും ബന്ധപ്പെട്ടു. അസംതൃപ്ത എം.എല്‍.എമാരെ കൂടെ നിര്‍ത്താനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ അതില്‍ വേണ്ടത്ര വിജയം കാണാന്‍ ബി.ജെ.പിക്കായില്ല എന്ന് ഫഡ്‌നാവിസിന്റെ രാജി തെളിയിക്കുന്നു.

അജിതിന്റെ ബി.ജെ.പി സഖ്യ പ്രഖ്യാപനത്തിന് ശേഷമുള്ള ഓരോ ചുവടിലും ശരദ് പവാറിന്റെ കണ്ണുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ 13 എം.എൽ.എമാർ പാർട്ടിയുമായി അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയതിന് തൊട്ടുടനെയും പവാര്‍ തിടുക്കപ്പെട്ട് യോഗം വിളിച്ചു. നേരത്തേ, മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ മുംബൈയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആകെയുള്ള 54 എം.എൽ.എമാരിൽ 42 പേരാണ് പങ്കെടുത്തത്. അതുകൂടാതെ, ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് പോയ അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ എൻ.സി.പിയിലെ 11 എം.എൽ.എമാർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.