അജിത് പവാറിനെ പൂട്ടാന്‍ ബി.ജെ.പി; എന്‍.സി.പി നേതാവിനെതിരായ ഒരു അഴിമതിക്കേസും റദ്ദാക്കിയിട്ടില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിനെതിരെയുള്ള ഒരു കേസും റദ്ദാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിപ്പബ്ലിക് ചാനലിന്റെ റിപ്പബ്ലിക് മൊമെന്റ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് 48 മണിക്കൂറിനകമാണ്, അജിത് ഉള്‍പ്പെട്ട 70000 കോടി രൂപയുടെ ജലസേനച അഴിമതി കേസുകള്‍ റദ്ദാക്കിയിരുന്നത്. ഒമ്പത് കേസുകളിലെ അന്വേഷണമാണ് മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഴിമതി വിരുദ്ധ ബ്യൂറോ അവസാനിപ്പിച്ചിരുന്നത്. കോടതിയില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഈ കേസുകള്‍ക്കൊന്നും അജിത് പവാറുമായി ബന്ധമില്ല എന്നാണ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ പരംബീര്‍ സിങ് വ്യക്തമാക്കിയിരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് 1999 മുതല്‍ 2014 വരെ അജിത് പവാര്‍ ജലസേചന വകുപ്പു മന്ത്രിയായിരിക്കെയാണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം അധികാരത്തില്‍ വരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ഭൂരിപക്ഷം തെളിയിക്കാന്‍ ആവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ചൊവ്വാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചത്. പുതിയ മുഖ്യമന്ത്രിയായി നാളെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.