നന്ദി; ഈ സ്ഥാനം ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ല: സോണിയയോട് ഉദ്ധവ് താക്കറെ

ന്യൂഡൽഹി: രാഷ്ട്രീയ നീക്കങ്ങൾക്കും പ്രതിസന്ധികൾക്കുമിടിയൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുമ്പോൾ മുഖ്യമന്ത്രിയാവുന്ന ഉദ്ധവ് താക്കറെയ്ക്ക് ഇത് അഭിമാന നിമിഷം. സ്വപ്‌നത്തിൽ പോലും കാണാത്തതും പ്രതീക്ഷിക്കാത്തതുമാണ് മുഖ്യമന്ത്രി പദമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനെല്ലാം കൂടെ നിന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ നയിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. സോണിയ ഗാന്ധിക്കും മറ്റുള്ളവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരസ്പരം വിശ്വാസം കാത്തുസൂക്ഷിച്ച് ഞങ്ങൾ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നൽകുമെന്നും- ഇന്നലെ വൈകീട്ട് നടന്ന എൻസിപി- ശിവസേന- കോൺഗ്രസ് യോഗത്തിൽ താക്കറെ പറഞ്ഞു.

ദേവേന്ദ്ര ഫഡ്നാവിസ് ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. നുണകൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ല. ആവശ്യമുള്ളപ്പോൾ ഞങ്ങളെ കെട്ടിപ്പിടിക്കുകയും ആവശ്യമില്ലാത്തപ്പോൾ ഞങ്ങളെ ഉപേക്ഷിക്കുകയും ചെയ്തവരാണ് ബിജെപി. ഞങ്ങളെ അകറ്റി നിർത്താൻ ശ്രമിച്ചു- ഉദ്ധവ് പറഞ്ഞു. ഇതുവരെ ഒരു സർക്കാരിലും ഉദ്ധവ് താക്കറെ ഉണ്ടായിട്ടില്ല. ചരിത്രത്തിൽ തന്നെ ആദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്നും ഒരാൾ ജനവിധി തേടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.ഇത്തവണ ജനവിധി തേടിയ ആദിത്യ താക്കറെയാണത്. ഉദ്ധവ് താക്കറെയുടെ മകനാണ് ആദിത്യ.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മൂന്നാമത്തെ മകനായ ഉദ്ധവ് രാഷ്ട്രീയ കാര്യങ്ങളിൽ ഏറെ സൂക്ഷ്മത പുലർത്തുകയും മുംബൈയിലെ സ്വന്തം വസതിയിലിരുന്നു പോലും പാർട്ടിയെ നിയന്ത്രിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് . 59കാരനായ ഉദ്ധവ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നതോടെ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാവും ഇദ്ദേഹം. മഹാരാഷ്ട്രയിൽ ത്രികക്ഷി പാർട്ടിയുടെ മഹാ വികാസ് അഘാടി സർക്കാർ അധികാരത്തിലേറും. താക്കറയ്ക്ക് എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും. കോൺഗ്രസിന്റെ ബാലാസാഹേബ് തോറാത്ത്, എൻസിപിയുടെ ജയന്ത് പാട്ടീൽ എന്നിവരുടെ പേരാണ് ഈ സ്ഥാനങ്ങളിലേക്ക് ഉയരുന്നത്.