ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഒരുങ്ങുന്നത്.

രജിസ്ട്രേഷനില്ലാത്ത വാര്‍ത്താ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്തേക്കും. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍ (ആര്‍പിപി) ബില്‍ -2019 ന്റെ കരട് രൂപം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (പി.ആര്‍.ബി) ചട്ടങ്ങള്‍ ഇതോടെ ഒഴിവാക്കപ്പെടും.

ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്ക്, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിക്കുന്ന ടെക്സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്സ് ഉള്‍പ്പെടുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ എന്നര്‍ത്ഥമാക്കുന്ന ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വിശാലാര്‍ഥത്തിലുള്ള നിര്‍വചനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബില്ലില്‍ നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ