ഉദ്ധവ് മഹാരാഷ്ട്രയുടെ ആദ്യ താക്കറെ മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ചുമതലയേറ്റു. ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹബ് തോറത്ത്, നിതന്‍ റാവത്ത്, എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്പല്‍, ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവര്‍ മന്ത്രിമാരായി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുകേഷ് അംബാനി, എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍, ഡി.എം.കെ അദ്ധ്യക്ഷന്‍ സ്റ്റാലിന്‍, എം.എന്‍.എസ് നേതാവ് രാജ് താക്കറെ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ നിന്ന് നെഹ്റു കുടുംബം വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു. ആദ്യം ശിവസേനാ മന്ത്രിമാരും പിന്നീട് എന്‍.സി.പി മന്ത്രിമാരും അതിനു ശേഷം കോണ്‍ഗ്രസ് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍ ആദ്യ കാബിനറ്റ് യോഗവും ചേര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ