ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള; ലിജോ ജോസ് പെല്ലിശ്ശേരി തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകന്‍

ഗോവ: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാനമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പുരസ്‌കാരം. മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലിജോ ജോസ് പെല്ലിശ്ശേരി നേടിയത്.മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജല്ലിക്കട്ട്‌നാണ് ലിജോയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഗോവന്‍ മേളയില്‍ അംഗീകാരം ലഭിക്കുന്നത്. 76 രാജ്യങ്ങളില്‍ നിന്നുള്ള 200 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.കഴിഞ്ഞ തവണ ലിജോ ഈ.മ.യൗവിലൂടെ സംവിധാനത്തിന് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മികച്ച സിനിമക്കുള്ള സുവര്‍ണ മയൂരം ഫ്രഞ്ച്-സ്വിസ് സിനിമ പാര്‍ട്ടിക്ക്ള്‍സ് സംവിധായകന്‍ ബ്ലെയ്‌സ് ഹാരിസണും മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗെയും നേടി.മികച്ച നടിയായി മെയ് ഘാട്ടില്‍ അഭിനയിച്ച ഉഷ ജാദവിനെ തെരഞ്ഞെടുത്തു. മാറിഗെല്ലയിലെ അഭിനയത്തിനാണ് സെയു യോര്‍ഗെക്ക് പുരസ്‌കാരം ലഭിച്ചത്.ഇന്ന് വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.ഇന്ത്യന്‍ സാംസ്‌കാരിക കലാ മേഖലക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, അസമീസ് സംവിധായകന്‍ മഞ്ജു ബോറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ