മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം

ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി.ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി(കവിത), മനഃസാക്ഷിയുടെ പൂക്കൾ, നിമിഷക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരുകുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ),അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ എന്നിവയാണ് പ്രധാനകൃതികൾ.