ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ, വിട്ടുനിന്നത് നാല് എം.എല്‍.എമാര്‍

മുംബൈ: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 169 എം.എൽ.എമാർ ഉദ്ധവ് സർക്കാരിന് പിന്തുണയറിച്ച് വോട്ട് ചെയ്തു. ശിവസേന-എൻ.സി.പി-കോൺഗ്രസ് എം.എൽ.എമാർക്ക് പുറമെ സ്വതന്ത്രരും ഉദ്ധവ് സർക്കാരിനൊപ്പം നിന്നു. 288 അംഗ നിയമസഭയിൽ 145 ആണ് സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം. നാല് എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എം.എൻ.എസിന്റെ ഒരു എം.എൽ.എയും എം.ഐ.എമ്മിന്റേയും രണ്ടും സി.പി.എമ്മിന്റെ ഒന്നും എം.എൽ.എമാരാണ് വിട്ടുനിന്നത്. മഹാ വികാസ് അഘാഡി സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യില്ലെന്നും അതേസമയം എതിർക്കില്ലെന്നും നേരത്തേ സി.പി.എം. എം.എൽ.എ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ 105 എം.എല്‍.എമാരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

ഗവർണർ ഡിസംബർ മൂന്നു വരെ സമയം നൽകിയിരുന്നെങ്കിലും ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ സർക്കാർ തീരുമാനിക്കുകയായിരുന്നു. നാടകീയ സംഭവങ്ങളാണ് ഇന്ന് ചേർന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ നടന്നത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവർണർ പങ്കെടുക്കാത്തതിനെ ചോദ്യം ചെയ്ത് ബി.ജെ.പി എം.എൽ.എമാർ സഭയിൽ ബഹളം വച്ചു. ബി.ജെ.പി എം.എൽ.എയും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഗവർണറെ ക്ഷണിക്കാത്ത നടപടിയെ ചോദ്യം ചെയ്തത്. ‘നിങ്ങൾ ഒരു പുതിയ സെഷൻ വിളിച്ചുചേർക്കണമെങ്കിൽ ഗവർണറെ വിളിക്കണം. ഗവർണറെ വിളിക്കാതെ പുതിയ സെഷൻ വിളിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് നിയമസഭ ചേരുന്നതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചത്. ഞങ്ങളുടെ എം.എൽ.എമാർ നിയമസഭയിലെത്തരുതെന്ന് അവർ ആഗ്രഹിച്ചു.’- ഫഡ്‌നാവിസ് ആരോപിച്ചു. തുടർന്ന് സഭയുടെ നടുത്തളത്തിലിറങ്ങി ബി.ജെ.പി എം.എൽ.എ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ബി.ജെ.പി എം.എൽ.എമാർ സഭ ബഹിഷ്‌കരിച്ചു. ഈ നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പുറത്തുവന്ന ഫഡ്‌നാവിസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രോ ടേം സ്പീക്കറെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമായാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രിം കോടതി ഉത്തരവുണ്ടെന്നും അത് നടത്തുമെന്നും പ്രോടേം സ്പീക്കർ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എം.എൽ.എമാർ സഭ ബഹിഷ്‌ക്കരിച്ചത്.