നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ആരംഭിച്ചു; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. വനിതാ ജഡ്‌ജി അദ്ധ്യക്ഷയായ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കേസ് പരിഗണിച്ച് കൂടുതൽ വാദത്തിനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയത്. ഒന്‍പതാം പ്രതി സനില്‍ കുമാര്‍ ഒഴികെ ബാക്കിയുള്ള പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇയാൾ കോടതിയില്‍ ഹാജരാവാതെ ഇരിക്കുന്നത്. സനില്‍ കുമാറിന് ജാമ്യം നിന്നവര്‍ക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ പകർപ്പ് കൈമാറണമെന്ന ദിലിപിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് വിചാരണ കോടതി കേസ് ഇന്ന് പരിഗണിച്ചത്. അതേസമയം കോടതിയിൽ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ ആറു മാസത്തിനകം പുർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിക്കുകയും ചെയ്തിട്ടുണ്ട്.