ഫഡ്നാവിസിന്‍റെ അധികാര മോഹവും തിടുക്കവും മഹാരാഷ്ട്രയില്‍ ബിജെപിയെ ഇല്ലാതാക്കി

മുംബൈ: ദേവേന്ദ്ര ഫഡ്നവിസിന്റെ അധികാര മോഹവും തിടുക്കവും ബാലിശമായ പരാമർശങ്ങളുമാണ് മഹാരാഷ്ട്രയിൽ ബിജെപിയെ മുക്കിക്കളഞ്ഞതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ശിവസേന മുഖപത്രമായ സാമ്‌നയിലായിരുന്നു സഞ്ജയുടെ വിമർശനം. മോദി – ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്. ശിവസേന – എൻസിപി – കോൺഗ്രസ് സർക്കാർ അഞ്ചുവർഷം കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫഡ്‌നാവിസ് വീണ്ടും അധികാരത്തിലേറുമെന്നാണ് പറയുന്നത്. എന്നാൽ അയാളുടെ അധികാര മോഹമാണ് ഇന്ന് മഹാരാഷ്ട്രയിലെ ബിജെപിയുടെ അവസ്ഥയ്ക്കു കാരണം. ഫഡ്‌നാവിസിന്റെ അധികാരമോഹമാണ്ബിജെപിയെ മുക്കിക്കളഞ്ഞത്. അമിത ആത്മവിശ്വാസവും മുതിർന്ന കേന്ദ്ര നേതാക്കളിൽ ഫഡ്‌നാവിസ് അർപ്പിച്ച അന്ധമായ വിശ്വാസവും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തകർത്തു.

മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്നതെല്ലാം ജനഹിതമനുസരിച്ചാണ്. എൻസിപി- കോൺഗ്രസ് – ശിവസേന സഖ്യം ഭരണത്തിലേറിയത് രാജ്യത്തിന് സ്വീകാര്യമാണെന്നും സാമ്‌നയിൽ പറയുന്നു. മഹാരാഷ്ട്രയിൽ പ്രതിപക്ഷം ഇല്ലെന്നും ശരദ് പവാർ യുഗം അവസാനിച്ചുവെന്നുമാണ് തെരഞ്ഞെടുപ്പിനു മുമ്പ് ഫഡ്‌നാവിസ് പറഞ്ഞിരുന്നത്. എന്നാലിപ്പോൾ തെരഞ്ഞെടുപ്പിനു ശേഷം ഫഡ്നവിസിന് പ്രതിപക്ഷ നേതാവായി മാറേണ്ടി വന്നുവെന്നും അദ്ദേഹം റൗത്ത് പറഞ്ഞു. അജിത് പവാറിന്റെ നീക്കം സേന – എൻസിപി – കോൺഗ്രസ് സഖ്യ രൂപവത്കരണം വേഗത്തിലാക്കി. ശിവസേനയുമായി സഖ്യം ചേരുന്നതിൽ കോൺഗ്രസ് സംശയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ശരദ് പവാർ മുൻകൈ എടുത്ത് സർക്കാർ രൂപീകരണം വേഗത്തിലാക്കി. സോണിയാ ഗാന്ധിയുമായി അദ്ദേഹം നടത്തിയ ചർച്ചകൾ സർക്കാർ രൂപീകരണത്തിൽ നിർണായകമായെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും എൻസിപി നേതാവ് ശരദ് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഒന്നിച്ചെടുത്ത തീരുമാനം രാജ്യത്തിന് മുഴുവൻ സ്വീകാര്യമായി. ഫഡ്നവിസിനൊപ്പം അജിത് പവാർ പോയത് ശരദ് പവാറിന്റെ അറിവോടെയാണെന്ന് ആരോപിച്ചവർ ഇപ്പോൾ ശരദ് പവാറിനു മുന്നിൽ ശിരസ് നമിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കി.