ഉദ്ധവ് സർക്കാരിൽ കരുത്തനായി പവാർ

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിൽ ശരദ് പവാറിന്റെ എൻ.സി.പിക്ക് കൂടുതൽ സ്ഥാനങ്ങൾ കിട്ടിയേക്കുമെന്ന് സൂചന. 43 അംഗ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദത്തിന് പുറമെ 16 മന്ത്രിസ്ഥാനങ്ങൾ കൂടി എൻ.സി.പിക്ക് ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ ശിവസേനയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകിയതോടൊപ്പം പ്രത്യയശാസ്ത്രപരമായി ഏറെ അകലെ നിൽക്കുന്ന കോൺഗ്രസിനെ അനുനയിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ശരദ് പവാർ. ഉദ്ധവ് സർക്കാർ രൂപീകരണത്തിൽ നെടുംതൂണായി പ്രവർത്തിച്ച ശരദ് പവാറിന് താക്കറെ സർക്കാരിൽ അർഹിക്കുന്ന പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എൻ.സി.പി എം.എൽ.എയും ശരദ് പവാറുമായി ഏറെ അടുപ്പം പുലർത്തുന്നയാളുമായ ജയന്ത് പാട്ടീലിനാകും ആഭ്യന്തരമെന്നാണ് റിപ്പോർട്ട്. നേരത്തേ കോൺഗ്രസ്-എൻ.സി.പി സർക്കാരിൽ പാട്ടീൽ ആഭ്യന്തര മന്ത്രിയായിരുന്നു. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തവരിൽ ഒരാളാണ് ജയന്ത് പാട്ടീൽ. ഛാഗൻ ഭുജ്പാലാണ് ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റൊരു എൻ.സി.പി എം.എൽ.എ. ഉപമുഖ്യമന്ത്രി പദം എൻ.സി.പിക്കാകുമെന്ന് ഏകദേശം തീരുമാനമായതാണ്. ശരദ് പവാറിന്റെ ബന്ധുകൂടിയായ അജിത് പവാർ എം.എൽ.എയ്ക്കായിരിക്കും ഉപമുഖ്യമന്ത്രി പദമെന്നും സൂചനയുണ്ട്. നേരത്തേ, ശിവസേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികളെ അമ്പരപ്പിച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാളാണ് അജിത് പവാർ. എന്നാൽ, പിന്നീട് എൻ.സി.പിയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. വീണ്ടും ഉപമുഖ്യമന്ത്രിയാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതുവരെ തീരുമാനമായില്ലെന്നും പാർട്ടി തീരുമാനിക്കുമെന്നുമായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

ഉദ്ധവ് താക്കറെ ക്യാബിനറ്റിൽ 12 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെവന്യൂ വകുപ്പ് കോൺഗ്രസിനായിരിക്കുമെന്നും സൂചനയുണ്ട്. ബാലാസാഹെബ് തൊറോത്ത്, അശോക് ചവാൻ എന്നിവരാണ് ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് എം.എൽ.എമാർ. എട്ടുതവണ എം.എൽ.എയായ തൊറോത്തിനെയാണ് പാർട്ടി നിയമസഭാ നേതാവായി തെരഞ്ഞെടുത്തിരികുന്നത്. ഏറെ നാടകീയത നിറഞ്ഞ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രിം കോടതി വിധി വന്നതോടെയാണ് അവസാനമായത്. പുലർച്ചെ അപ്രതീക്ഷിതമായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രിം കോടതി വിധിയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. വിധിക്ക് പിന്നാലെ ആദ്യം അജിത് പവാറും തൊട്ടുപിന്നാലെ ഫഡ്‌നാവിസും രാജിവച്ചതോടെ ശിവസേന സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണറെ സമീപിക്കുകയായിരുന്നു. സർക്കാരുണ്ടാക്കാൻ ശിവസേനയെ പിന്തുണക്കുന്നകാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, സംസ്ഥാന കോൺഗ്രസ് നേതാക്കളുടേയും ശരദ് പവാറിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സോണിയ തീരുമാനം മാറ്റിയത്. സോണിയയെ അനുനയിപ്പിച്ച് കൊണ്ടുവരുന്നതിലും ബി.ജെ.പിയിലേക്ക് പോയിട്ടും അജിത് പവാറിനെ തിരിച്ചുകൊണ്ടുവരുന്നതിലും പവാർ ജയിച്ചു. തങ്ങളുടെ പാർട്ടിയിൽ നിന്ന് ഒരു മുഖ്യമന്ത്രിയെന്ന ശിവസേനയുടെ ആഗ്രഹ പൂർത്തീകരണത്തിന് ഏറ്റവും കൂടുതൽ സഹായം ചെയ്തത് പവാറാണ്. അതുകൊണ്ട് തന്നെ ഉദ്ധവ് മന്ത്രിസഭിയൽ പവാറിന്റെ എൻ.സി.പിക്ക് കൂടതൽ പ്രാധാന്യം ലഭിക്കുമെന്ന് ഉറപ്പ്.