കുട്ടികള്‍ പട്ടിണിമൂലം മണ്ണ് തിന്നൂവെന്നത് തെറ്റായ വാര്‍ത്ത: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കിലെ കുട്ടികള്‍ പട്ടിണിമൂലം മണ്ണ് തിന്നുവെന്നത് അവാസ്തവമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എസ്.സുരേഷ് പറഞ്ഞു. കുട്ടികള്‍ ഭക്ഷണമില്ലാത്തത് കൊണ്ടല്ല,കളിക്കുന്നതിനിടെയാണ് മണ്ണുവാരി തിന്നത്.ഇക്കാര്യം കുട്ടികളുടെ അമ്മയും നാട്ടുകാരും ബാലാവകാശ കമ്മീഷനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സാങ്കല്പികം മാത്രമാണ് അതിനാല്‍ ബാലാവാകാശ കമ്മീഷന്‍ അത് തള്ളിക്കളയുന്നു.കുട്ടികളുടെ അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. ദിവസവും ആയിരത്തിലധികം രൂപ വരുമാനമായിട്ട് ലഭിക്കുന്നുണ്ട്. ഈ പണമൊക്കെ അദ്ദേഹം മദ്യപിച്ചു കളയുകയാണ്. കുട്ടികളയും തന്നെയും ഉപദ്രവിക്കുന്നുവെന്ന പരാതിയാണ് അമ്മ ശിശുക്ഷേമസമിതിക്ക് നല്‍കിയത്. അതിന്റെ അടിസ്ഥാത്തിലാണ് കുട്ടികളെ കൈമാറാന്‍ തീരുമാനിച്ചതെന്നും എസ്.സുരേഷ് പറഞ്ഞു’. ശിശുക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ കുട്ടികളുടെ അമ്മ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. തന്റെ ആറു കുട്ടികളെയും കൂടെ നിര്‍ത്താനാണ് ഇഷ്ടമെന്ന് അമ്മ കമ്മീഷനോട് പറഞ്ഞിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എസ്.സുരേഷ് പറഞ്ഞു.