സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്ലറ്റില്ല

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന് റിപ്പോർട്ട്. വൻവിജയമെന്ന് പ്രധാനമന്ത്രിയടക്കം കൊട്ടിഘോഷിക്കുന്ന സ്വച്ഛ് ഭാരതിന്റെ മറ്റൊരു വശമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഗ്രാമീണ ആരോഗ്യ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഗ്രാമീണ പ്രദേശങ്ങളിലെ 38 ശതമാനം വരുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ല. റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2018 എന്നറിപ്പോർട്ട് അടിസ്ഥാനമാക്കി ലോക്‌സഭയിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ നൽകിയ മറുപടിയിലാണ് ഇക്കര്യം പറയുന്നത്.
10 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 50 ശതമാനത്തിലധികം സർക്കാർ അരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ല. ഏറ്റവും കൂടുതൽ സ്റ്റാഫ് ടോയ്‌ലറ്റുകളില്ലാത്ത സംസ്ഥാനം തെലങ്കാനയാണ്. രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്,ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മിസോറാം, പശ്ചിമ ബംഗാൾ, ഹരിയാന എന്നി സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ ആന്ധ്രാപ്രദേശ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം ടോയ്‌ലറ്റുകളുണ്ട്. ഹെൽത്ത് സെന്റർ സബ് സെന്റർ, പ്രൈമറി ഹെൽത്ത് സെന്റർ,കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലാണ് സ്റ്റാഫ് ടോയ്‌ലറ്റിന്റെ അഭാവം. ദിവസേന നിരവധി ആളുകൾ ചികിത്സയ്ക്കായി എത്തുന്ന ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളോടുള്ള അവഗണനയായി ഇതിനെ കാണേണ്ടിവരും.

കൃത്യമായ ശുചീകരണ സംവിധാനങ്ങളോ ടോയ്‌ലറ്റുകളോ ഇല്ലാത്തപക്ഷം ആളുകളിൽ അണുബാധ സാദ്ധ്യത വർദ്ധിക്കുമെന്നും. ശുദ്ധമായ വെള്ളം, ശൗചാലയം, മാലിന്യ നിർമ്മാർജ്ജന സംവിധാനം എന്നിവ ആരോഗ്യ കേന്ദ്രങ്ങളിൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2014 നു ശേഷം 9.5 കോടി ശൗചാലയങ്ങൾ പണിതുവെന്നാണ് കേന്ദ്രം പറയുന്നതെങ്കിലും ഗ്രാമീണ മേഖലയിൽ 60 ശതമാനം ജനങ്ങളും വെളിയിടങ്ങളിലാണ് മലമൂത്ര വിസർജ്ജനം നടത്തുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ 61 ശതമാനം സർക്കാർ ആശുപത്രികളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ടോയ്‌ലറ്റുകളില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ത്രീക്കും പുരുഷനും പ്രത്യേക ടോയ്ലറ്റുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയാണ് മുന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ