ഇനി മുഴുവന്‍ ക്ലാസ്‌റൂമുകളും ഹൈടെക്; പുത്തന്‍ പദ്ധതികള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

കോഴിക്കോട്: എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് ചുവടു വെക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ രണ്ടാംഘട്ടവും പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 4,752സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് കൈറ്റ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഹൈസ്‌കൂള്‍ തലത്തില്‍ ക്ലാസ്സ്‌റൂമുകള്‍ ഹൈടെക് ആക്കാനു പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.

കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്‌റൂം-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്.പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി ‘സമഗ്ര’ പോര്‍ട്ടലും സജ്ജമാക്കിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് കോടി , മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച് 966 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നതെന്നും ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.കിഫ്ബി വഴിയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.