ഏഴു പതിറ്റാണ്ടായി പാകിസ്താനും കഴിയാതിരുന്നത് അമിത് ഷായ്ക്ക് കഴിഞ്ഞു; ലജ്ജിച്ചു തലതാഴ്ത്തുന്നു: വി.ഡി സതീശൻ

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം സമുദായത്തിന് മേലുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കണമെന്നു വാദിച്ച സവർക്കറുടെയും മുഹമ്മദ് അലി ജിന്നയുടെയും വിജയമാണിതെന്നും ലജ്ജിച്ച് തലതാഴ്ത്തുന്നതായും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് ബില്ലിനെ വിമർശിച്ച് അദ്ദേഹം രം​ഗത്തെത്തിയത്. കരുതിയിരുന്നതിനേക്കാൾ വേഗത്തിലാണ് ഫാസിസത്തിന്റെ പിടിമുറുക്കം. ഒരിക്കലും തകർക്കാൻ കഴിയാത്തത്ര ശക്തമെന്ന് നമ്മൾ ഊറ്റം കൊണ്ടിരുന്ന ഭരണഘടന വെറുമൊരു പുസ്തകം മാത്രമായി മാറുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം

കരുതിയിരുന്നതിനേക്കാൾ വേഗത്തിലാണ് ഫാസിസത്തിന്റെ പിടിമുറുക്കം. ഒരിക്കലും തകർക്കാൻ കഴിയാത്തത്ര ശക്തമെന്ന് നമ്മൾ ഊറ്റം കൊണ്ടിരുന്ന ഭരണഘടന വെറുമൊരു പുസ്തകം മാത്രമായി മാറുന്ന സാഹചര്യം. പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ മുസ്ലിം സമുദായത്തിന് മേലുള്ള ആക്രമണമാണ്. എഴുതി വച്ചിരിക്കുന്ന നിയമമല്ല നടപ്പാവാൻ പോകുന്നത് എന്ന് നമുക്ക് വ്യക്തമായി അറിയാം. അതിലൂടെ സംഘപരിവാറിന്റെ വ്യക്തമായ മുസ്ലിം വിരുദ്ധ അജണ്ടയാണ്. ഇങ്ങനെ ഒരു സ്ഥിതി ഈ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിച്ചിരുന്ന ഒരാളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കണമെന്നു വാദിച്ച രണ്ടു പേരുടെ വിജയമാണ് ഇന്നലെ പാർലമെന്റിൽ കണ്ടത്; മുഹമ്മദ് അലി ജിന്നയുടെയും വി.ഡി. സവർക്കാരുടെയും. ബ്രിട്ടീഷുകാർക്കും ജിന്നയ്ക്കും, കഴിഞ്ഞ ഏഴു പതിറ്റാണ്ടു പാകിസ്ഥാനും കഴിയാതിരുന്നത് ഇന്നലെ അമിത് ഷായ്ക്ക് കഴിഞ്ഞു. ലജ്ജിച്ചു തലതാഴ്ത്തുന്നു.