അയോദ്ധ്യ ഭൂമി തർക്ക വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

അയോദ്ധ്യ ഭൂമി തകര്‍ക്ക കേസിൽ നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 48 പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബാ​ബ​രി വി​ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ചി​ലി​ല്ലാ​ത്ത സ​ഞ്​​ജീ​വ്​ ഖ​ന്ന പു​നഃ​പ​രി​ശോ​ധ​ന ബെ​ഞ്ചി​ലു​ണ്ട്. വി​ര​മി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്ക്​ പ​ക​ര​മാ​യാ​ണ്​ ഖ​ന്ന ബെ​ഞ്ചി​ലെ​ത്തി​യ​ത്. നിരവധി മുസ്‌ലിം പാർട്ടികളും, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ പിന്തുണയോടെ 40 പ്രവർത്തകരും, ഹിന്ദു മഹാസഭ, നിർമോഹി അഖാര തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. മുസ്ലീം കക്ഷികൾക്ക് പള്ളി നിര്‍മ്മിക്കാൻ അഞ്ച് ഏക്കര്‍ ഭൂമി നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ ആവശ്യം. എന്നാൽ കോടതി വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നാണ് പല ഹർജികളും ചൂണ്ടിക്കാട്ടുന്നത്. മതേതര തത്വങ്ങളേക്കാൾ ഹിന്ദു വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കോടതി വിധിയെന്നാണ് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ പിന്തുണയോടെ സമർപ്പിച്ച ഒരു ഹരജിയിൽ ആരോപിക്കുന്നത്. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളിൽ പറയുന്നു.