ശബരിമല: രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരി​ഗണിക്കും

ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച കേള്‍ക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ 27ാം തിയ്യതിയാണ് രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഇതോടൊപ്പം ബിന്ദു അമ്മിണി സമർപ്പിച്ച ഹർജി പരി​ഗണിക്കുമോയെന്ന് വ്യക്തമല്ല. ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം. യുവതീപ്രവേശനം തടയുന്നവര്‍ക്കെതിരെ നടപടി വേണം തുടങ്ങിയ കാര്യങ്ങളാണ് ബിന്ദു അമ്മിണിയുടെ ഹർജിയിൽ പറയുന്നത്. പ്രായ പരിശോധന നടത്തുന്ന പൊലീസ് നടപടി ഉടനെ നിര്‍ത്തി വയ്ക്കണമെന്നും ബിന്ദു അമ്മിണിയുടെ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം രഹ്ന ഫാത്തിമ സമർപ്പിച്ച റിട്ട് ഹര്‍ജിയില്‍ അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തതിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.