വിരാട് കോഹ്ലി ഒരു സിംഹമാണ്.അയാളെ നോവിക്കാൻ നിൽക്കരുത്

സന്ദീപ് ദാസ്
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിനുമുന്നോടിയായി വിൻഡീസിൻ്റെ പരിശീലകൻ ഫിൽ സിമ്മൺസ് ഒരു പത്രസമ്മേളനം നടത്തിയിരുന്നു.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ സിമ്മൺസിൽ ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുകയായിരുന്നു !അദ്ദേഹം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്-

”വാംഖഡേയിൽ ഏതു സ്കോറും ചെയ്സ് ചെയ്യാൻ സാധിക്കും.ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച ടോട്ടൽ എത്രയാണെന്ന് നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്.രാത്രിയിലെ മഞ്ഞുവീഴ്ച്ച മൂലം റൺചേസ് എളുപ്പമാവുകയും ചെയ്യും….”

സിമ്മൺസും സംഘവും ആഗ്രഹിച്ചതുപോലെ തന്നെ ടോസ് സംഭവിച്ചു.കീറോൺ പൊള്ളാർഡിൻ്റെ ഇഷ്ടത്തിനനുസരിച്ചാണ് നാണയം നിലത്തിറങ്ങിയത്.”ഞങ്ങൾ ബൗൾ ചെയ്യുന്നു” എന്ന് വിൻഡീസ് സ്കിപ്പർ പറഞ്ഞതോടെ അവർ മത്സരം പകുതി ജയിച്ചുകഴിഞ്ഞിരുന്നു.സാഹചര്യങ്ങൾ വിൻഡീസിന് അത്രയേറെ അനുകൂലമായിരുന്നു.

ചെയ്സ് ചെയ്യുന്ന ടീമുകളെ തുണയ്ക്കുന്ന വാംഖഡേ മൈതാനം.മറൈൻ ഡ്രൈവിലേക്ക് പന്ത് അടിച്ചുകളയാൻ കെല്പുള്ള വെസ്റ്റ് ഇന്ത്യൻ പവർ ഹിറ്റർമാർ.ഇന്ത്യൻ താരങ്ങളേക്കാൾ നന്നായി ഗ്രൗണ്ടിനെ അറിയുന്ന വിൻഡീസ് നായകൻ.ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യയ്ക്കുള്ള മോശം റെക്കോർഡ്.അങ്ങനെ ആനുകൂല്യങ്ങൾ ഒരുപാടുണ്ടായിരുന്നു വിൻഡീസിന്.2016ലെ ടി20 ലോകകപ്പിൻ്റെ സെമിഫൈനലിൽ വിൻഡീസ് ഇന്ത്യയ്ക്ക് സമ്മാനിച്ച തോൽവിയുടെ മുറിവുകൾ ഉണങ്ങിയിരുന്നില്ല.

എന്നാൽ രോഹിത് ശർമ്മ-കെ.എൽ രാഹുൽ ഒാപ്പണിംഗ് സഖ്യം മറിച്ചാണ് ചിന്തിച്ചത്.പന്ത് സ്റ്റേഡിയത്തിൻ്റെ നാലുപാടും പറന്നുനടക്കാൻ തുടങ്ങി.വെറും 11.4 ഒാവറിൽ 135 റൺസിൻ്റെ ഒാപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിച്ചതിനുശേഷമാണ് രോഹിത് മടങ്ങിയത്.ഹിറ്റ്മാനെ ഒൗട്ടാക്കിയ കെസ്റിക് വില്യംസ് തൻ്റെ പതിവ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയില്ല.അതിനുപകരം വിരൽ ചുണ്ടുകൾക്കു കുറുകെ വെച്ചുകൊണ്ടുള്ള പുതിയ ആഘോഷമാണ് പുറത്തെടുത്തത്.”ആരും ഒന്നും മിണ്ടല്ലേ…” എന്ന് പരിഹാസപൂർവ്വം പറയുന്ന ആഘോഷം !

കണ്ണുംപൂട്ടി അടിക്കാനുള്ള ലൈസൻസ് കൊടുത്ത് വൺഡൗണായി ഇറക്കിയ ഋഷഭ് പന്ത് നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്തായി.സ്റ്റേഡിയത്തിൽ പൊള്ളാർഡിൻ്റെ കൊലവിളി മുഴങ്ങി.രാഹുലിൻ്റെ സ്കോറിങ്ങ് വേഗതയും കുറഞ്ഞിരുന്നു.വിൻഡീസ് പതിയെ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു..ഇന്ത്യ 234 എന്ന ടോട്ടൽ പടുത്തുയർത്തുമെന്ന് ഡീൻ ജോൺസ് കമൻ്ററി ബോക്സിലൂടെ പ്രവചിച്ചിരുന്നു.മുൻ ഒാസ്ട്രേലിയൻ താരം അത് സൗകര്യപൂർവ്വം വിഴുങ്ങി ! ഇന്ത്യ 210 റണ്ണുകളിൽ ഒതുങ്ങുമെന്ന് തിരുത്തി !

അപ്പോഴാണ് ടീം ഇന്ത്യയുടെ നായകൻ ക്രീസിലെത്തുന്നത്.വന്നപാടെ ചില വിൻഡീസ് താരങ്ങൾ അയാളെ സ്ലെഡ്ജ് ചെയ്തുതുടങ്ങി.പുറകെ വന്നത് ഒരു സ്ലോഗ്സ്വീപ്പായിരുന്നു ! പന്ത് ലോങ്ങ്-ഒാണിനുമുകളിലൂടെ കാണികളെ സ്പർശിച്ചു !

അതുകൊണ്ടും അരിശം തീരാതെ സ്കിപ്പർ എന്തൊക്കെയോ വിളിച്ചുപറഞ്ഞു.ശരിക്കും ആക്രമിച്ചുനശിപ്പിക്കാനുള്ള മൂഡിലായിരുന്നു അയാൾ.സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡിൽ ത്രിവർണ്ണപതാക പാറിക്കളിക്കുന്നുണ്ടായിരുന്നു.അത്യധികം ആദരവോടെയും അതിലേറെ സ്നേഹത്തോടെയും കാണികൾ ആ പേര് ഉരുവിട്ടുകൊണ്ടിരുന്നു-

”വിരാട് കോഹ്ലി……!!! ”

പോരാട്ടങ്ങൾ ഇഷ്ടപ്പെടുന്ന പൊള്ളാർഡ് വില്യംസിനെ മടക്കിക്കൊണ്ടുവന്നു.വിരാട്-വില്യംസ് സാഗയുടെ മൂന്നാം റൗണ്ട് അങ്ങനെ ആരംഭിച്ചു.ആദ്യ മത്സരത്തിൽ വിരാട് വില്യംസിനെ കണക്കിന് പ്രഹരിച്ചുവിട്ടിരുന്നു.തിരുവനന്തപുരത്ത് വില്യംസ് വിജയിക്കുകയും ചെയ്തു.ക്രിക്കറ്റ് ലോകം വളരെ കൗതുകത്തോടെ നോക്കിയിരുന്ന ഒരു മുഖാമുഖമായിരുന്നു അത്.

വിരാട് ഒരു പന്ത് ബ്ലോക്ക് ചെയ്തപ്പോൾ വില്യംസ് ബാറ്റ്സ്മാനെ തുറിച്ചുനോക്കി.വിരാട് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.അധികം വൈകാതെ ബാറ്റ് കൊണ്ടുള്ള മറുപടിയെത്തി.വിരാടിനെ കബളിപ്പിക്കുന്നതിനുവേണ്ടി വില്യംസ് എറിഞ്ഞ സ്ലോബോൾ മിഡ്-വിക്കറ്റിനുമുകളിലൂടെ സ്റ്റാൻഡ്സിലെത്തി ! 91 മീറ്റർ ദൂരത്തേക്ക് വെള്ളപ്പന്ത് സഞ്ചരിക്കവേ വിരാട് ബൗളറോട് പറഞ്ഞു-”ദാറ്റ്സ് ബിഗ് !”

സിംഗിളെടുത്ത് നോൺ-സ്ട്രൈക്കർ എൻഡിലേക്ക് മാറിയപ്പോഴും വിരാട് വില്യംസുമായി എെ-കോൺടാക്റ്റ് വെച്ചിരുന്നു.എന്നാൽ ടീം ഇന്ത്യയുടെ കപ്പിത്താൻ്റെ മുഖത്ത് നോക്കാനുള്ള ധൈര്യം വില്യംസിന് ഇല്ലായിരുന്നു ! അയാൾ നിശബ്ദനായി നടന്നുപോയി !

പത്തൊമ്പതാം ഒാവർ എറിയാനെത്തിയ പൊള്ളാർഡിനെ ക്രൂരമായിട്ടാണ് വിരാട് കൈകാര്യം ചെയ്തത്.കൗകോർണറിലൂടെ മൂന്ന് സിക്സറുകൾ പറന്നു.വിൻഡീസിൻ്റെ സ്ട്രൈക്ക് ബൗളറായ ഷെൽഡൻ കോട്രെലിനും ഒരു സിക്സർ കിട്ടി.ഇന്ത്യ 240 എന്ന പടുകൂറ്റൻ ടോട്ടലിലെത്തിപ്പെട്ടു.

മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് പിടിച്ചുനിൽക്കാനായില്ല.പൊള്ളാർഡിൻ്റെ ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു അവർക്ക് ആശ്വാസമായത്.കണ്ടീഷൻസ് തുണയായിട്ടും മെറൂൺ പട ജയിച്ചില്ല.ഇന്ത്യ ബോർഡിലിട്ട റണ്ണുകൾ അത്രയേറെ അധികമായിരുന്നു !

മാൻ ഒാഫ് ദ മാച്ച് പുരസ്കാരം നേടിയ രാഹുലിനെയോ 34 പന്തുകളിൽ 71 റണ്ണുകൾ സ്വന്തമാക്കിയ രോഹിതിനെയോ മറക്കുന്നില്ല.പക്ഷേ ഏറ്റവും നിർണ്ണായകമായത് വിരാടിൻ്റെ ഇന്നിംഗ്സ് തന്നെയായിരുന്നു.250നടുത്ത് പ്രഹരശേഷിയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ചീറിപ്പാഞ്ഞത് !

ടി20 ക്രിക്കറ്റിൽ സ്കോർ പിന്തുടരുമ്പോൾ വിരാടിൻ്റെ ബാറ്റിങ്ങ് ആവറേജ് തൊണ്ണൂറിനടുത്താണ്.ആദ്യം ബാറ്റ് ചെയ്യുമ്പോൾ 35ൽ താഴെയും.വാംഖഡേയിൽ ആ പോരായ്മയും വിരാട് നികത്തി.മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ്റെ ഇന്നിംഗ്സ് ! ഒരു എഡ്ജ് കീപ്പറുടെ തലയ്ക്കുമുകളിലൂടെ പറന്ന അപൂർവ്വ സാഹചര്യമൊഴിച്ചാൽ വിരാട് പിഴവുകളൊന്നും വരുത്തിയില്ല.ഇത്രയും സ്ട്രൈക്ക് റേറ്റിൽ ഇത്രയും റിസ്ക്-ഫ്രീ ക്രിക്കറ്റ് കളിക്കാൻ വിരാടിനുമാത്രമേ സാധിക്കൂ !

ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പർസ്റ്റാർ സുനിൽ ഗാവസ്കറായിരുന്നു.ഒാസ്ട്രേലിയൻ പേസർ ജെഫ് തോംസൺ സണ്ണിയുടെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു.പക്ഷേ താൻ ഒരിക്കലും തോംസൻ്റെ കണ്ണുകളിൽ നോക്കിയിട്ടില്ലെന്ന് ഗാവസ്കർ പറയുന്നു.അങ്ങനെ ചെയ്താൽ തോംസൺ കൂടുതൽ കരുത്തനാകുമായിരുന്നുവെത്രേ !

പൊതുവെ ഇന്ത്യൻ ക്രിക്കറ്റർമാരെല്ലാം ആ പാതയാണ് പിന്തുടരാറുള്ളത്.പക്ഷേ വിരാട് കോഹ്ലി അങ്ങനെയല്ല.അയാൾ എതിരാളിയുടെ കണ്ണുകളിൽ നോക്കും ! വാക്കുകൾ കൊണ്ട് കോർക്കും ! ബാറ്റ് കൊണ്ട് തകർക്കും ! മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഡെയ്ൽ സ്റ്റെയ്ൻ ആയാൽ പോലും !

വെസ്റ്റ് ഇൻഡീസിൻ്റെ മുൻ ഫാസ്റ്റ് ബൗളർ ഇയൻ ബിഷപ്പ് വില്യംസിനു നൽകിയ ഉപദേശത്തിൽ എല്ലാമുണ്ട്-

”വിരാട് കോഹ്ലി ഒരു സിംഹമാണ്.അയാളെ നോവിക്കാൻ നിൽക്കരുത്….!