നഷ്ടബാല്യം (നൊസ്റ്റാൾജിയ )

ഡോ.എസ് .രമ

ഇന്നലെയിലെ ബാല്യമിന്നിന്റെയോർമ്മ
കളിലിടക്കൊന്നെത്തി നോക്കി….
ചെമ്മൺപാതയിലൂടെ..
പാദരക്ഷകൾ ധരിച്ചും
ധരിക്കാതെയുമൊരു
കൂട്ടം കുഞ്ഞിക്കാലടികൾ
കൂട്ട് കൂടി..

പുസ്തകങ്ങൾ
ചിലപ്പോ കയ്യിൽ ചേർത്തു പിടിച്ചു..
ചിലപ്പോ പെട്ടിയിലാക്കി..
ശീലക്കുടയാൽ
പുൽക്കൊടിയിലെ മഞ്ഞു തുള്ളികളെ തട്ടി മാറ്റി..
പൂവിട്ടു ചിരിച്ച
തൊട്ടാവാടി കൂട്ടങ്ങളെ തട്ടിയുറക്കി….
മഞ്ഞ കോളാമ്പി പൂക്കളൊന്നൊഴിയാതെ
ഇറുത്തെടുത്തു..

കുറ്റിക്കാട്ടിലെ കാക്കപ്പൂവിലിരുന്ന കുഞ്ഞിതുമ്പിയെ
പിടിക്കാനോടി..
തോട്ടിലെ ഒഴുക്കിനൊപ്പം
നീന്തുന്ന ചെറുവരാലുകളെയൊന്നെണ്ണി നോക്കി…
കലപില ചിലച്ചും
കൊണ്ടൊരു ബാല്യം..
കലാലയത്തിലേക്ക്..
നടന്നു പോയി….

പാതി തുറന്ന പഠനമുറിയിലിരുന്ന്
പഠിച്ചതത്രയും പകർത്തി..
ആരുമറിയാതെ വളപ്പൊട്ടും കുഞ്ഞു പെൻസിലുമാ കൂട്ടുകാരിക്കു
സമ്മാനിച്ചു…

വൈകിട്ടു വീട്ടിലെത്തിയാതൊടിയിൽ
മേയും പൂവാലി പയ്യിനിത്തിരി
പുല്ലും കൊടുത്തു..
പൈക്കിടാവിനെയുമ്മ വച്ചു..
സന്ധ്യയിലുമ്മറത്തു മുത്തശ്ശിക്കൊപ്പം
നാമം ഉരുവിട്ടു…
പൂമ്പാറ്റയൊന്നോടിച്ചു വായിച്ചു..

പാo ങ്ങളത്രയും
ഹൃദിസ്ഥമാക്കി..
രാവേറെയെത്തും മുന്നേ..
മാതാവിൻ ചാരെ കഥകൾ
കേട്ടുറങ്ങി….

നാളെകൾ ഇന്നുകളാക്കി
ഇന്നുകൾ ഇന്നലെകളാക്കി
സംവൽസരങ്ങളിൽ
സമയം കടന്നു പോയി..

പാദങ്ങൾ മൂടിയ
പാദുകങ്ങളിൽ ഇന്നിന്റെ
ബാല്യം വിങ്ങി…
തന്നിലിരട്ടിയുള്ളോരു
പുസ്തകസഞ്ചി പുറത്തേറ്റി
ശ്വാസം മുട്ടി…

വീടിനു മുന്നിലെത്തും
വണ്ടിയിൽ സ്കൂളിലെത്തി..
ഓൺലൈനിൽ പഠിച്ചു…
കൂട്ടുകാരോട്
മൊബൈൽ ഗെയിമിന്റെ പുതിയ വിശേഷം
പങ്കു വച്ചു…

വൈകിട്ട്
വണ്ടിയിൽ വീടണഞ്ഞു..
ബർഗർ കഴിച്ചു..
കൊച്ചു ടീവി കണ്ടു..
ബൈജു സ് ആപ്പിൽ
പഠിച്ചു…

ഇന്റർനെറ്റിലൂടെ
പരതിയൊടുവിൽ
രാവേറെയായപ്പോളു
റങ്ങി പ്പോയി…