ജാമിയ വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധവുമായി തെരുവിൽ; ഡൽഹി പ്രക്ഷുബ്ധം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ വീണ്ടും തെരുവിലിറങ്ങി. ഇന്നലെ കാമ്പസിൽ കയറി അക്രമം നടത്തുകയും വിദ്യാർത്ഥികളെ തടവിലാക്കുകയും ചെയ്ത ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നത്. പ്രധാന കവാടമായ ഏഴാം നമ്പര്‍ ഗേറ്റിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിച്ച് ഷര്‍ട്ട് ഇടാതെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പലരുടേയും ശരീരത്തില്‍ മുറിവുകളുണ്ട്. കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്.

ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിട്ടയച്ചിട്ടില്ലെന്നു ജാമിയ വിദ്യാർത്ഥികൾ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിട്ടയക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സർവ്വകലാശാലയിൽ അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങി. 60 ഓളം വരുന്ന മലയാളി വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നലത്തെ പൊലീസ് നടപടിയിൽ ഭയന്നാണ് മടക്കം. പൊലീസ് നടപടി ഭയപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ രാത്രിയിലും കാമ്പസിൽ ഭീകരാന്തരീഷം പൊലീസ് ഉണ്ടാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാമിയ സർവകലാശാല അടുത്ത മാസം അ‍ഞ്ചു വരെ അടച്ച് വൈസ് ചാൻസലർ നജ്മ അക്തർ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ ആകാത്തതാണെന്നും വിസി കുറ്റപ്പെടുത്തി. അതേസമയം, പ്രതിഷേധത്തെ തുടർന്ന് അലിഗഡ് മുസ്ലിം സർവകലാശാല ഇന്ന് ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി വ്യക്തമാക്കി. ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളേയും വീട്ടിലേക്ക് കയറ്റിയയക്കുമെന്നും പൊലീസ് വ്യക്തമാക്കി. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അലിഗഡ് വിദ്യാർത്ഥികൾ മാർച്ച് നടത്തുകുയം പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തിരുന്നു. സംഘർഷത്തിൽ 10 പൊലീസുകാർക്കും 30ഓളം വിദ്യാർത്ഥികൾക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസ് ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം. നഗരത്തിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. സർവകലാശാല ജനുവരി അഞ്ചു വരെ അടച്ചു.