ഞാന്‍ ഒരു മുസ്‌ലിം പെൺകുട്ടിയാണ്, ഇത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്:ജാമിയയിലെ ലദീദ

ന്യൂഡൽഹി: തങ്ങളുടേത് നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനി ലദീദ സഖലൂൺ. ‘ഫസ്റ്റ്‌പോസ്റ്റി’ലെഴുതിയ ലേഖനത്തിലാണ് ലദീദ തന്റെയും സഹപാഠികളുടേയും നിലപാടുകൾ വ്യക്തമാക്കുന്നത്. ലദീദയുടെ വാക്കുകൾ ഇങ്ങനെ: “മുസ്ലിം ഉന്മൂലനത്തിന്റെ രാഷ്ട്രീയം വ്യക്തമായി പ്രചരിപ്പിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ.ആർ.സി) എതിരെ പലർക്കും വ്യത്യസ്ത സമീപനങ്ങളുണ്ടാകാം. ഈ വിഷയം രാഷ്ട്രീയമായി എങ്ങനെ ഉന്നയിക്കാം, തെരുവുകളിൽ പ്രതിഷേധം എത്രത്തോളം നിലനിർത്താം, എന്ത് മുദ്രാവാക്യങ്ങൾ ഉയർത്തണം എന്നതിനെക്കുറിച്ച് സർവകലാശാലാ വിദ്യാർത്ഥികൾക്കിടയിൽ വിവിധ അഭിപ്രായങ്ങളും ചർച്ചകളും ഉണ്ട്. എന്നാൽ ഈ നിയമം ആരെയാണ് ലക്ഷ്യമിടുന്നതെന്നും സംഘപരിവാർ ആരെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നുമുള്ള മിനിമം ധാരണ എല്ലാവർക്കുമുണ്ട്.

ഇക്കാര്യത്തിൽ രണ്ട് പ്രസ്താവനകൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരും പ്രതിഷേധിക്കുന്നവരും ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്ന സമൂഹത്തിന്റെ വികാരങ്ങളെ തിരിച്ചറിയണം. ഞാൻ ഒരു മുസ്‌ലിം സ്ത്രീയാണ്. പ്രതിഷേധക്കാരിൽ വലിയൊരു പങ്കും മുസ്ലിംകളാണ്.അതിനാൽ, സി.എ.എയ്ക്കും എൻ.ആർ.സിക്കുമെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നവരെല്ലാം അവരുടെ അന്തസ്സും അഭിമാനവും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളെയും മുദ്രാവാക്യങ്ങളെയും മാനിക്കണം. രണ്ടാമതായി, ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനാണ് സംഘപരിവാർ ഈ നിയമം നടപ്പാക്കുന്നത് എന്ന് വ്യക്തമാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ഒത്തുചേരുന്ന എല്ലാ ഗ്രൂപ്പുകളും അടിസ്ഥാനപരമായി ഇന്ത്യയിലെ മുസ്ലിംകളുടെ നിലനിൽപ്പ് സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഫാസിസ്റ്റ് സർക്കാർ നശിപ്പിക്കുകയാണ്, പ്രത്യേകിച്ച് മുസ്ലിം പ്രശ്നങ്ങളിൽ.

പൗരത്വ ഭേദഗതി ബില്ലിന് പ്രസിഡന്റ് അനുമതി നൽകി നിയമമാക്കി മാറ്റിയതിന് ശേഷമാണ് ജാമിയ മിലിയ ഇസ്ലാമിയയിലെ പ്രതിഷേധം ശക്തിപ്പെട്ടത്. ഡിസംബർ 12 ന് ജാമിയ മിലിയ വനിതാ ഹോസ്റ്റലിലെ താമസക്കാർ വിളിച്ച ഫ്‌ലാഷ് മാർച്ചിൽ വിദ്യാർത്ഥികൾ പങ്കെടുത്തതിൽ നിന്ന് ഒരു ഫാസിസ്റ്റ് ഗവൺമെന്റിന്റെ വിവേചനപരമായ നിയമത്തിനെതിരായ വിദ്യാർത്ഥികളുടെ രോഷം വ്യക്തമാണ്. അടുത്ത ദിവസം വിവിധ വിദ്യാർത്ഥി സംഘടനകൾ കാമ്പസിൽ നിന്ന് പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്തു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഡിസംബർ 13 ന് മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ആക്ടിവിസ്റ്റുകളും പങ്കെടുത്തു. എന്നിരുന്നാലും, ഡൽഹി പൊലീസ് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. പിന്നീട് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. അമ്പത് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് നടപടിക്ക് പിന്നാലെ ക്യാമ്പസും പ്രധാന റോഡും യുദ്ധമേഖലയ്ക്ക് സമാനമായി മാറി. കാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ പോലീസ് ഉപദ്രവിക്കുന്നത് തുടർന്നു. സി.എ.എ, എൻ.ആർ.സി എന്നിവയിലൂടെ ഹിന്ദുത്വ സർക്കാരിന്റെ മുസ്‌ലിം ഉന്മൂലന രാഷ്ട്രീയത്തിന് എതിരായിരുന്നു പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ ഉന്നയിച്ച മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും. ജാമിയ മിലിയ ഇസ്ലാമിയ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് ഇത്. നമ്മുടെ ജീവിതത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ, രാജ്യ തലസ്ഥാനത്തെ ഒരു പ്രമുഖ സർവകലാശാലയിലെ വിദ്യാർത്ഥികളായതിനാൽ തന്നെ ഈ പോരാട്ടത്തിന് അതിന്റേതായ പ്രാധാന്യം ഉണ്ട്. കാരണം ഇത് നമ്മുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ജാമിയ മിലിയ ഇസ്ലാമിയയിലെ എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായതായി എനിക്ക് കാണാൻ കഴിഞ്ഞു. ജാമിയയിലെ എന്റെ ഹ്രസ്വ സമയത്തിനുള്ളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങൾ സാധിച്ചെടുക്കുന്നതുവരെ നിരന്തരമായ പോരാട്ടം നടത്തുന്നവരാണ് എന്നതാണ്. ഫാസിസ്റ്റ് സർക്കാരിനെതിരെ ഈ അണിനിരക്കുന്ന ശക്തി ഇന്ത്യയിൽ മാറ്റങ്ങൾ വരുത്തും. കാരണം അത് വിദ്യാർത്ഥികളാണ് നയിക്കുന്നത്.” ജാമിയയിലെ ബി.എ അറബിക് വിദ്യാര്‍ത്ഥിനിയാണ് ലദീദ സഖലൂണ്‍. ലദീദയും പിതാവും തമ്മിലുള്ള വാഡ്‌സ്ആപ്പ് സംഭാഷണം ഇതിനോടകം തന്നെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സമരത്തിലെ മുന്‍നിരയിലുള്ള മകളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും ഈ ത്യാഗം വെറുതെയാവില്ലെന്നും പിതാവ് അയച്ച മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം ലദീദ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.