രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുത്‌: അനൂപ് മേനോന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ രാഷ്ട്രീയ സാമൂഹ്യ സിനിമ മേഖലകളില്‍ നിന്ന് പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ അറിയിച്ചും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായി അനൂപ് മേനോന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അനൂപ് തന്റെ പ്രതികരണം കുറിച്ചത്.

രാജ്യത്ത് ജാവേദും ജോസഫും ജയദേവും വേണമെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്നും അനൂപ് കുറിച്ചു. മാത്രമല്ല ഈ സ്‌നേഹം വരും തലമുറകളിലേക്കും പകരണമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

”ഞങ്ങള്‍ക്ക് അറിയാവുന്ന ഇന്ത്യയില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുക എന്നത് ആരിലും ചുമത്തട്ടപ്പെട്ടതായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതു പോലെ കടന്നുവന്ന ഒരു ശീലമാണ്. ഇന്ത്യന്‍ സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം നാനാത്വത്തില്‍ ഏകത്വം എന്നതാണെന്ന് വിശ്വസിക്കാന്‍ ആരും ഞങ്ങളെ നിര്‍ബന്ധിച്ചില്ല. അത് നമ്മുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞ് ചേര്‍ന്നതാണ്. ഞങ്ങള്‍ക്കറിയാവുന്ന ഇന്ത്യയില്‍ സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ അവ ഒരിക്കലും വെറുപ്പോ ഭയമോ മൂലം ഉണ്ടായതല്ല.
പ്രിയ സര്‍ക്കാരേ, ഇവിടെ ഉള്ള ഓരോ ഹിന്ദുവിനും മുസ്ലിം,ക്രിസ്ത്യന്‍, സിഖ് എന്നീ വിഭാഗത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ വളര്‍ന്ന് വന്നതും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ കൂട്ടു നില്‍ക്കരുത്. ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്‌നേഹം വരും തലമുറകളിലേക്കും പകരണം”-അനൂപ്