നിങ്ങൾക്ക് എന്റെ കോലം കത്തിക്കാം, പക്ഷേ രാജ്യത്തെ വെറുക്കരുത്: മോദി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിമയത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങൾക്ക് എന്റെ കോലം കത്തിക്കാം, പക്ഷേ രാജ്യത്തെ വെറുക്കരുത്’- മോദി പറഞ്ഞു.ഡൽഹിയിൽ രാംലീല മൈതാനിയിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്‍റെ ശക്തിയെന്ന് മോദി പറഞ്ഞു. ‘മോദിയെ വെറുത്തോളൂ, നിങ്ങൾ ഇന്ത്യയെ വെറുക്കരുത്. പാവങ്ങളുടെ വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും തീവെക്കരുത്. പാവം ഡ്രൈവർമാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്?നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവൻവെടിഞ്ഞു. പോലീസുകാർ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’- മോദി പറഞ്ഞു.

‘ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോൺഗ്രസ്, അവരുടെ സഖ്യകക്ഷികൾ, അർബൻ നക്സലുകൾ തുടങ്ങിയവർ ചേർന്നാണ് കിംവദന്തികൾ പ്രചരിപ്പിക്കുന്നത്. അവർ മുസ്‌ലിംകൾക്കായി നിർമിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരൻമാർക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ് ലിംകൾക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്‌ലിംകൾക്കായി അഭയകേന്ദ്രങ്ങളില്ല’-മോദി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിലൂടെ സർക്കാർ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. സർക്കാരിന് പക്ഷപാതമുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടാൻ ഇടയാക്കില്ല. ഇത് ജനങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണ്. ഒരു നുഴഞ്ഞുകയറ്റക്കാരൻ ഒരിക്കലും അവന്റെ സ്വത്വം വെളിപ്പെടുത്തില്ല. ഒരു അഭയാർത്ഥി ഒരിക്കലും സ്വത്വം ഒളിച്ചുവയ്ക്കുകയും ചെയ്യില്ല. നിരവധി നുഴഞ്ഞുകയറ്റക്കാർ ഇപ്പോൾ പുറത്തുവരികയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. യഥാർഥ സ്വത്വം വെളിപ്പെട്ടുപോകുമോ എന്ന ഭയം മൂലം അവർ സത്യം പറയാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.