തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും യുവത രോഷാകുലരാണ്, അത് നേരിടാൻ മോദിക്കും ഷായ്ക്കുമാകില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. മോദിയും ഷായും ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശം. ‘ പ്രിയപ്പെട്ട ഇന്ത്യൻ യുവാക്കളെ, മോദിയും ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചിയിലുമുള്ള നിങ്ങളുടെ രോഷം താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് അവർ നമ്മുടെ പ്രിയപ്പെട്ടവരെ വിദ്വേഷമുണ്ടാക്കി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടും സ്‌നേഹത്തോടെ പ്രതികരിച്ചുമാത്രമേ ഇതിനെ നമുക്ക് നേരിടാനാകൂ.’- രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഘട്ടിൽ ധർണ നടത്തും. കൊറിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുൽ ഗാന്ധി എം.പി ധർണയിൽ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം വിമർശന വിധേയമായിരുന്നു. രാഹുൽ ഗാന്ധിക്ക് പകരമായി സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയായിരുന്നു സമരത്തിനൊപ്പം ഉണ്ടായിരുന്നത്. നാളെ രാജ്ഘട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ധർണയിൽ പങ്കെടുക്കും. ഇന്നായിരുന്നു ധർണ തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലീല മൈതാനത്ത് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനാൽ കോൺഗ്രസിന്റെ പ്രതിഷേധത്തിന് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ധർണ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. വിമർശകർക്ക് മറുപടിയായി നാളെ സമരമുഖത്തേക്ക് രാഹുൽ ഇറങ്ങാനിരിക്കെയാണ് മോദിയുടെ പരിപാടി വിലങ്ങുതടിയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് ധർണ.