പ്രതിഷേധങ്ങള്‍ വകവച്ചില്ല; എന്‍.പി.ആറുമായി കേന്ദ്രം മുന്നോട്ട്, 8,700 കോടി വകയിരുത്തി

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പരിഷ്‌കരിക്കുന്നതിന് കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം. ഇതിനായി 8.700 കോടി രൂപ ബജറ്റിൽ വകയിരുത്തി. പൗരത്വ നിയമ ഭേദഗതി (സി.എ.എ)ക്കും ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി)ക്കുമെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയിലാണ് എൻ.പി.ആറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്. പത്തു വര്‍ഷം കൂടുമ്പോള്‍ രാജ്യത്തെ ജനസംഖ്യ കണക്കാക്കാനുള്ള സാധാരണ നടപടി ക്രമമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. പക്ഷേ, നിലവിലെ പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍.പി.ആറുമായി തല്‍ക്കാലം സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ എല്ലാ സ്ഥിരതാമസക്കാരുടെയും മുഴുവൻ വിവരങ്ങളടങ്ങുന്ന ഡാറ്റാബേസ് ഉണ്ടാക്കുക എന്നതാണ് എൻ.പി.ആറിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുന്നു. ജനസംഖ്യപരമായ വിവരങ്ങൾ മാത്രമല്ല, എല്ലാവരുടെയും ബയോമെട്രിക് സവിശേഷതകളും ഈ ഡാറ്റാബേസിൽ ഉണ്ടാവും. ഒരു സ്ഥലത്ത് ആറു മാസം മുമ്പോ അതിൽ കൂടുതലോ താമസമാക്കിയവരുടേയും അടുത്ത ആറ് മാസത്തേക്ക് താമസിക്കാൻ ആഗ്രഹിക്കുന്നവരുടേയും വിവരങ്ങളാണ് എൻ.പി.ആർ വഴി ശേഖരിക്കുക. രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായാണ് സെൻസസുമായി ബന്ധപ്പെട്ട് നിൽക്കുന്ന എൻ.പി.ആറിനെ കാണുന്നത്. അതുകൊണ്ട് തന്നെ പശ്ചിമ ബംഗാൾ, കേരള എന്നീ സംസ്ഥാനങ്ങൾ എൻ.പി.ആർ നടപ്പാക്കുന്നത് നിർത്തി വച്ചിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ സെപ്തംബർ വരെ അസം ഒഴികെയുള്ള മറ്റ് എല്ലാ സംസ്ഥാനങ്ങളിലും എൻ.പി.ആറിന്റെ നടപടികൾ നടക്കും. 2010ലാണ് എൻ.പി.ആറിന് വേണ്ടിയുള്ള വിവരങ്ങൾ ആദ്യം ശേഖരിച്ചു തുടങ്ങിയത്.