ചുവപ്പിനെ ‘തൊട്ടപ്പോൾ’ പൊള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായി പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം, കോണ്‍ഗ്രസ്സും യു.ഡി.എഫും അന്തം വിട്ട് നിന്ന സമയത്ത് പോലും ചുവപ്പ് രാഷ്ട്രീയം അതിന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലന്ന് ആദ്യം പ്രഖ്യാപിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണ്. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

കാമ്പസുകളിലും തെരുവുകളിലും പ്രതിഷേധ ജ്വാല പടര്‍ത്താന്‍ ആദ്യം രംഗത്തിറങ്ങിയതും ഇടതുപക്ഷ സംഘടനകളാണ്.

എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തീര്‍ത്ത ആ പ്രതിഷേധമാണ് കേരളത്തിലെ മഹാപ്രതിരോധത്തിന് വഴി ഒരുക്കിയിരിക്കുന്നത്. ഇനി ജനുവരി 28ന് ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയും ചരിത്രമാകും. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഏറ്റവും വലിയ ജനികീയ പ്രക്ഷോഭമായിരിക്കും മനുഷ്യചങ്ങല. പങ്കാളിത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ഐ.ബിക്ക് പോലും ഒരു സംശയവും ഉണ്ടാകാന്‍ സാധ്യതയില്ല.

ഇത്രയും കാര്യങ്ങള്‍ ഇവിടെ ആമുഖമായി സൂചിപ്പിച്ചത് ആയിഷ റെന്നയെ കുറിച്ച് ചിലത് പറയുന്നതിനു വേണ്ടിയാണ്.

ആയിഷ റെന്നയല്ല, ഒരു സ്ത്രീക്കുമെതിരെയും ആരും ആക്രോശിക്കരുത് എന്ന് തന്നെയാണ് അഭിപ്രായം. എന്നാല്‍ പ്രതിഷേധം ചോദിച്ച് വാങ്ങാന്‍ ശ്രമിച്ചാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

കൊണ്ടോട്ടിയില്‍ നടന്ന പൗരത്വ ഭേദഗതിക്കെതിരായ സമരത്തെ തന്റെ രാഷ്ട്രീയ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത് തന്നെ റെന്നയാണ്. രാഷ്ട്രീയം മറന്ന് ജനങ്ങള്‍ ഒന്നിച്ച ഒരു സമരത്തില്‍ അത്തരം നിലപാട് ആയിഷ റെന്ന സ്വീകരിക്കരുതായിരുന്നു.

ഡല്‍ഹി ജാമിയയില്‍ നടന്ന സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി എന്ന നിലയിലാണ് സംഘാടകര്‍ റെന്നക്ക് പ്രസംഗിക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ വേദി പിണറായി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കൂടി റെന്ന ഉപയോഗപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതിനെയാണ് സി.പി.എം പ്രവര്‍ത്തകരും ചോദ്യം ചെയ്യുന്നത്.

ഹര്‍ത്താലിന്റെ മറവില്‍ അക്രമം കാട്ടിയവരെ വിട്ടയക്കാത്തതാണ് റെന്നയെ ചൊടിപ്പിച്ചിരുന്നത്.വിദ്യാര്‍ത്ഥി വേഷത്തിനുള്ളിലെ ജമാഅത്തെ ഇസ്ലാമിക്കാരിയുടെ വികാരമാണത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമ സമരം ആര് നടത്തിയാലും നടപടിയുണ്ടാകും. അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഈ നടപടികളെ ചോദ്യം ചെയ്യേണ്ടത് കോടതികളിലാണ്. കോടതികള്‍ പോലും ജാമ്യം നല്‍കാത്ത കേസുകളില്‍ ചുമ്മാ കയറി രോഷംകൊള്ളരുത്.

സമുദായമോ രാഷ്ട്രീയമോ നോക്കി ഒരു പൊലീസിനും ക്രമസമാധാന ചുമതല നിര്‍വ്വഹിക്കാന്‍ കഴിയുകയില്ല. സംഘര്‍ഷം ആരുണ്ടാക്കിയാലും നടപടി അനിവാര്യം തന്നെയാണ്.

ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷമുണ്ടാക്കിയവരാണ് അറസ്റ്റിലായത്. ഇക്കാര്യം ഡല്‍ഹിയില്‍ നിന്നും എത്തിയ ആയിഷ റെന്ന മറന്നുപോകരുത്.

സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണെന്ന് കരുതി അക്രമകാരികള്‍ക്ക് കുട പിടിക്കാന്‍ ഒരിക്കലും കഴിയുകയില്ല. നാട്ടില്‍ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടത് സറ്റേറ്റിന്റെ ചുമതലയാണ്.

രാഷ്ട്രീയ പാര്‍ട്ടികളെ കൈകാര്യം ചെയ്യുന്ന പോലെ തീവ്ര മതസംഘടനകളെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല.

വൈകാരികമായ ഇത്തരക്കാരുടെ പ്രതിഷേധങ്ങള്‍ കൈവിട്ട് പോകാനും കലാപമായി മാറാനും സാധ്യത കൂടുതലാണ്. അതു കൊണ്ട് തന്നെയാണ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും പൊലീസിനോട് കേരള പൊലീസിനെ ഒരിക്കലും ആയിഷ റെന്ന താരതമ്യം ചെയ്യരുത്. ഒരു മത വിവേചനവും കാണിക്കാത്ത സേനയാണ് നമ്മുടേത്.

പിണറായി നേരിട്ട് ആവശ്യപ്പെട്ടിട്ടല്ല ഹര്‍ത്താല്‍ അക്രമസംഭവങ്ങളില്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അത് കാക്കിയുടെ കര്‍ത്തവ്യമാണ്. അറസ്റ്റ് നടന്നതിന് ശേഷം മാത്രമാണ് അതിന്റെ കണക്കുകള്‍ പോലും സര്‍ക്കാറിന് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത്.

അറസ്റ്റ് ചെയ്ത് റിമാന്റിലായവരെ വിട്ടയക്കാന്‍ പിണറായി വിജയന്‍ ജഡ്ജിയല്ലന്ന കാര്യം കൂടി ആയിഷ റെന്ന മനസ്സിലാക്കണം. പൊലീസ് നടപടി തെറ്റാണെങ്കില്‍ കോടതിയില്‍ അക്കാര്യം ചൂണ്ടിക്കാട്ടിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. അതല്ലാതെ രാഷ്ട്രീയ വിരോധം പൊതുവേദിയില്‍ തീര്‍ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടിയിരുന്നത്. ഈ തെറ്റിനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത്. അതിനവരെ ‘കുരിശ്ശിലേറ്റാന്‍’ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല.

ഇന്നലെ പൊട്ടി മുളച്ച വിപ്ലവമല്ല ചുവപ്പിന്റേത്. അതിന് ചോരയിലെഴുതിയ ഒരുപാട് പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. അത് പഠിച്ച് വന്നിട്ടു വേണം വിമര്‍ശനം നടത്തുവാന്‍.

കമ്യൂണിസ്റ്റുകളാണ് പ്രക്ഷോഭ തീ ആളിപ്പടര്‍ത്തുന്നതെന്ന് ബി.ജെ.പി പറയുന്നതില്‍ തന്നെ ചുവപ്പിന്റെ ഇടപെടലും വ്യക്തമാണ്.

കേരളം മുതല്‍ ഡല്‍ഹി വരെ കാമ്പസുകളിലും തെരുവുകളിലും എസ്.എഫ്.ഐ ശക്തമായ പ്രക്ഷോഭമാണ് നടത്തി വരുന്നത്.

ജാമിയയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരം നടത്തുന്നതില്‍ മുന്‍ നിരയിലാണ് എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സ്ഥാനം. ഈ സംഘടനകളുടെ അഖിലേന്ത്യാ പ്രസിഡന്റടക്കമുള്ളവര്‍ക്കെതിയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇവിടെയൊന്നും ‘ഹര്‍ത്താല്‍ വാദി’കളായ ആയിഷ റെന്നയുടെ സംഘടനയുടെ ഒരു നേതാവിന്റെയും പൊടിപോലും കണ്ടിട്ടില്ല.
പൊലീസിനോട് വിരല്‍ ചൂണ്ടി ആക്രോശിക്കുന്നതല്ല ഹീറോയിസം. കാക്കിയുടെ മര്‍ദ്ദനങ്ങളെ നേരിട്ട് വിപ്ലവം രചിച്ചവരാണ് യഥാര്‍ത്ഥ ഹീറോകള്‍. ഇത്തരം പോരാട്ടങ്ങള്‍ നിരവധി നടത്തിയ പെണ്‍കുട്ടികളാല്‍ സമ്പന്നമായ സംഘടനയാണ് എസ്.എഫ്.ഐ.

ആ പോരാട്ട വീര്യം ഡല്‍ഹിയും പലവട്ടം കണ്ടതാണ്. നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ എസ്എഫ്‌ഐ നേതാവ് ഐഷ ഘോഷിലൂടെ കണ്ടുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കൂടി മനസ്സിലാക്കി വേണം ആയിഷ റെന്നമാര്‍ ചുവപ്പ് രാഷ്ട്രീയത്തിന് എതിരെ തിരിയുവാന്‍.മതന്യൂനപക്ഷങ്ങള്‍ക്ക് ചെങ്കൊടി ഭരണത്തില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സംരക്ഷണം മറ്റൊരു ഭരണത്തിന്‍ കീഴിലും കിട്ടുകയില്ല. അക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.
മോദി മീശ പിരിച്ചാല്‍ മുട്ട് വിറയ്ക്കുന്ന ഭരണാധികാരികളാണ് രാജ്യത്ത് ഭൂരിപക്ഷവും ഉള്ളത്.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലന്ന് ഉറപ്പിച്ച് പറയാന്‍ കോണ്‍ഗ്രസ്സ് സഖ്യം ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇപ്പോഴും തയ്യാറല്ല. മോദി പേടികൊണ്ടാണിത്. ഇക്കാര്യത്തില്‍ ഉറച്ച തീരുമാനം പ്രഖ്യാപിച്ച പിണറായിയെ വിമര്‍ശിക്കാനാണിപ്പോള്‍ ആയിഷ റെന്നമാര്‍ മത്സരിക്കുന്നത്. ഇവരുടെയെല്ലാം അജണ്ട വേറെയാണ്. അത് ഒരിക്കലും ന്യൂനപക്ഷ താല്‍പ്പര്യമല്ലെന്ന കാര്യവും ഉറപ്പാണ്.രാജ്യത്ത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നമ്പര്‍ വണ്‍ ശത്രുവാണ് പിണറായിയും സി.പി.എമ്മും. ഇത് സംഘപരിവാര്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള അജണ്ടയാണ്. പ്രത്യായശാസ്ത്രപരമായ വിയോജിപ്പിനും മീതെയാണ് ഈ ശത്രുതയുടെ ആഴം.
മമത ബാനര്‍ജിയുടെയല്ല, പിണറായിയുടെ തലക്കാണ് മുന്‍പ് ഒരു ആര്‍.എസ്.എസ് നേതാവ് ഇനാം പ്രഖ്യാപിച്ചത്. കേരളത്തിന് പുറത്ത് വ്യാപകമായി ഒരു മുഖ്യമന്ത്രിയെ തടയാന്‍ പരിവാര്‍ മുന്നിട്ടിറങ്ങിയതും പിണറായിക്ക് എതിരെ മാത്രമായിരുന്നു.

അമിത് ഷായും സകല കേന്ദ്ര മന്ത്രിമാരും ഒരു സംസ്ഥാനത്ത് ലാന്‍ഡ് ചെയ്ത് സര്‍ക്കാരിനെതിരെ ജാഥ നയിച്ചതും ഈ കൊച്ചുകേരളത്തിലാണ്. അത്ര മാത്രം കാവി രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടാണ് പിണറായി സര്‍ക്കാര്‍.ഈ പിണറായി സര്‍ക്കാറിനെതിരെയാണ് ആയിഷ റെന്നമാര്‍ കലിതുള്ളി കൊണ്ടിരിക്കുന്നത്. കലികാലം എന്നൊക്കെ പറയേണ്ടത് ഇതിനെയൊക്കെയാണ്.ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും പിണറായി സര്‍ക്കാര്‍ തയ്യാറാകരുത്. നാട് ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ