യശാേധര (കഥ)

റാണി ബി മേനോൻ
അദ്ദേഹം, ഒരിയ്ക്കൽ തന്റെതായിരുന്ന രാജ്യത്തിനരികിലൂടെ യാത്ര ചെയ്യുകയായിരുന്നു…..അദ്ദേഹം…….
ലോകവുമായി തന്റെ സർവ്വ ബന്ധങ്ങളും മുറിച്ച് സ്വതന്ത്രനായവനാണ്. പക്ഷെ…

മുന്നോട്ടു നടക്കാനാഞ്ഞ ബുദ്ധനെ വളരെ നേർത്തൊരിഴ പോലെന്തോ……
ജട ചമയ്ക്കവെ കുരുങ്ങി വലിഞ്ഞു പോവുന്നൊരു മുടിനാരുളവാക്കുന്ന അസഹ്യമായ വേദന പോലെന്തോ….
തന്നെ മറന്നുവോ താനിവിടുണ്ടെന്നോർമ്മിപ്പിയ്ക്കും പോലെന്തോ ഒന്ന് പിന്നോട്ട് വലിച്ചുകൊണ്ടിരുന്നു…..

ആ നോവിനെ ഗൗതമൻ തിരിച്ചറിഞ്ഞു – യശോധര….
ഒരിയ്ക്കൽ, പിൻതിരിഞ്ഞു നോക്കാതെ, പിന്നിലുപേക്ഷിച്ചു പോന്നവൾ….
സിദ്ധാർത്ഥൻ അവരെ കാണാനെത്തി. രജസ്വലയായ രാജകുമാരി മാറ്റപ്പുരയിലായിരുന്നു.

അവർ പാദങ്ങൾ നിലത്തുറപ്പിച്ച്, മുട്ടുമടക്കി, കാലുകളെ ഇരു കൈകളാലും വലയമിട്ട് തന്നോട് ചേർത്തു പിടിച്ച് ഇരുന്നു.
മുറിയിലെ ഇരുട്ടിലേയ്ക്ക് മേൽക്കൂരയിൽനിന്നൂർന്നിറങ്ങിയ വെളിച്ചം മാത്രം. ആ അരണ്ട വെളിച്ചത്തിൽ അവരുടെ മെലിഞ്ഞു നീണ്ട ശരീരം ചിറകൊതുക്കിയൊരു പക്ഷിയെപ്പോലെ കാണപ്പെട്ടു. മുഖം അതീവ ശാന്തമായിരുന്നു. കണ്ണുകൾ അർദ്ധ നിമീലിതം. ശ്വാസഗതി മന്ദം.
അദ്ദേഹം അവർക്കു മുന്നിൽ സാഷ്ടാംഗനമസ്ക്കാരം ചെയ്യുന്നതായി കാണപ്പെട്ടു. കൈ വിരലുകൾ അവരുടെ പാദത്തിൽ നിന്നൊരംഗുലം ദൂരെ….
അതു സ്പർശിച്ചാൽ ലോക കാമനകൾ വൈദ്യുതാഘാതം പോലെ തന്നിലേയ്ക്ക് പടർന്നു കയറുമെന്ന് ഭയന്നെന്നപോൽ….

“സിദ്ധാർത്ഥ”, അവർ അവരിരുവർക്കും മാത്രം കേൾക്കാവുന്ന പോൽ മന്ത്രിച്ചു.
“അങ്ങ് ഭയന്നതെന്നെയാണ്, എന്റെ ശരീരത്തിന്റെ ആവശ്യങ്ങളെയും…”
ദുഃഖത്തിന്റെ കാരണവും നിവാരണവുമന്വേഷിച്ചാണങ്ങിറങ്ങിത്തിരിച്ചതെന്നത് പിൽക്കാല ലോകം അങ്ങേയ്ക്ക് ചാർത്തിത്തന്നൊരു നുണയുടുപ്പാണ്”
“അങ്ങതൊരിയ്ക്കലും നിഷേധിച്ചതുമില്ല; സ്വീകരിച്ചതായി ഭാവിച്ചില്ലെങ്കിലും”.
ഒരൽപ്പം നിറുത്തി അവർ തുടർന്നു,
“തീർച്ചയായും എനിയ്ക്ക് തിരഞ്ഞെടുക്കാൻ വഴികളുണ്ടായിരുന്നു”.
“പക്ഷെ, ഒരു സ്ത്രീയുടെ ശരീരം ഏതൊരു സ്പർശത്താലും ഉണരുന്ന ഒന്നല്ല. അതിനാൽ മെല്ലെ, മെല്ലമെല്ലെ ഞാനെന്നെ അഴിച്ചുപണിഞ്ഞു.”
“നിറവുള്ളവളായ രാജകുമാരിയ്ക്ക്, ലാസ്യവും, ലാവണ്യവും, നിറഞ്ഞു തുളുമ്പുന്ന പ്രായത്തിൽ ലൗകികത തുളുമ്പിയൊഴുകുന്ന രാജകൊട്ടാരത്തിൽ അതത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല”

“എന്നിലെ മൃദുലതയെ നാരുകളാക്കി വിടർത്തി ഞാനതിന്റെ ആർദ്രത നശിപ്പിച്ചു, പിന്നവയെ കൂട്ടിയിണക്കി ലോഹ നിർമ്മിതമെന്നപോലൊരു പഞ്ജരം സൃഷ്ടിയ്ക്കുകയും അതിലെന്നെ നിക്ഷേപിക്കുകയും ചെയ്തു. അതിനു ചുറ്റും വിദ്യുത് തുല്യമായ രേഖകളുടലെടുത്തത് തനിയെയാണ്. എന്റെ മനസ്സിന്റെ സ്വനിഷേധത്താലാണതെന്ന് പറഞ്ഞത് ദാസിയായ ത്രിപുരയാണ്. അതെല്ലാവരേയും അകറ്റി നിറുത്തുകയും എനിയ്ക്കു ചുറ്റും അരുതിന്റെ ഒരു വൃത്തം രചിയ്ക്കുകയും ചെയ്തു. എനിയ്ക്ക് ലോകത്തോടുള്ള കൊടുക്കൽ വാങ്ങലുകളതിലൊതുങ്ങി.”

“നമ്മുടെ മകനു പോലും അതുല്ലംഖിയ്ക്കാൻ കഴിയാതെ പോയതെന്നെ നോവിച്ചുവെന്നത് നേര്. പക്ഷെ, അവൻ കുട്ടിയായിരുന്നു. അല്ലെങ്കിലും അവന്റെ ഒരു പാതി, ഒളിച്ചോട്ട വിദഗ്ദ്ധനായ അങ്ങയുടെ അംശമായിരുന്നുവല്ലൊ”

“ഒരുപാടു പേരെ ദു:ഖത്തിലാഴ്ത്തിയാണ്, അങ്ങ് ദു:ഖഹേതുവെന്തെന്നന്വേഷിച്ച് പോയതെന്നത്, വിചിത്രമായി തോന്നുന്നില്ലയോ അങ്ങേയ്ക്ക്?°

“വാർദ്ധക്യത്തിലേയ്ക്ക് പദമൂന്നിയ പിതാവിനെ, അങ്ങയുടെ തന്നെ അംശമായ നമ്മുടെ പുത്രനെ, അങ്ങയുടെ കൈ പിടിച്ച് ജീവിതോത്സവത്തിലേയ്ക്കിറങ്ങുക മാത്രം ചെയ്ത എന്നെ, യുവരാജാവിൽ പ്രതീക്ഷകളർപ്പിച്ചിരുന്ന പ്രജകളെ”……

“സാർത്ഥവാഹക സംഘങ്ങൾ, ആശയാണ് ദു:ഖങ്ങൾക്ക് ഹേതുവെന്നതാണ് അങ്ങയുടെ മഹത്തായ ദർശനമെന്നും, ആശയൊഴിവാക്കിയാൽ ദുഃഖങ്ങളിൽ നിന്നും നിവൃത്തി നേടാമെന്ന് അങ്ങു ശിഷ്യരെ ഉദ്ബോധിപ്പിയ്ക്കുന്നുവെന്നും പറയുന്നതായി കേട്ടു”.

“തെരുവിലുറങ്ങുന്നവന്റെ, വിശപ്പിനാൽ ഭക്ഷണത്തിനാർത്തിപൂണ്ടവന്റെ ദുഃഖത്തിന്, ആശയാണ് ഹേതുവെന്നതാണോ അങ്ങയുടെ മഹത്തായ ദർശനം?”
“സ്വാതന്ത്യം നിഷേധിയ്ക്കപ്പെട്ടവന്റെ ദുഃഖത്തിനടിസ്ഥാനം സ്വാതന്ത്ര്യാകാംക്ഷയെന്നും?”

“തല മുണ്ഡനം ചെയ്തും, ജീവിതത്തിൽ നിന്നും വർണ്ണങ്ങൾ മായ്ച്ചും സ്ഥിതമായ സുഖാന്വേഷണത്തിലേർപ്പെടുന്നത്, മുന്നിലിരിയ്ക്കുന്ന ജലമത്രയും ഒഴുക്കിക്കളഞ്ഞ്, ദൂര ദേശങ്ങളിലേയ്ക്ക് ജലസ്രാേതസ്സു തേടിപ്പോകാനുപദേശിയ്ക്കും പോലല്ലയോ?”
”ആ യുക്തി എന്റെ ഗ്രഹണ ശക്തിയ്ക്കു പുറത്താണ്”.

”ആശകളല്ല ഗൗതമ സിദ്ധാർത്ഥാ യഥാർഥത്തിൽ ദുഃഖ ഹേതു, ആശകൾ പൂർത്തീകരിയ്ക്കാതെ വരുമോ എന്ന ഭയമാണ്”;
“അതു നമ്മിലേൽപ്പിയ്ക്കുമെന്ന് നാം ധരിയ്ക്കുന്ന ആഘാതമാണ്, യഥാർത്ഥത്തിൽ ദു:ഖത്തിനു കാരണം”.
“അതിനു പരിഹാരം, ആശകളില്ലാതിരിയ്ക്കുക എന്നതല്ല, ദുഃഖത്തെ ഭയക്കാതിരിയ്ക്കുക എന്നതല്ലേ?”
“ഒരുവൻ ആ ഭയത്തിൽ നിന്നാണ് മുക്തി പ്രാപിയ്ക്കേണ്ടത്”.
“ഞാനാ ഭയത്തെ മറികടന്നു കഴിഞ്ഞു. യുക്തി ഭദ്രമായ ചിന്തയിലൂടെയോ, വിശകലനത്തിലൂടെയോ അല്ല, അതൊരു പരമമായ സത്യമാണെന്നംഗീകരിയ്ക്കുക വഴി”.
“സത്യത്തെ അംഗീകരിയ്ക്കുന്നത്, നമ്മെ ഭയഹീനരാക്കും. സുവ്യക്തമായൊരു പാത മുന്നിൽ തെളിയുമ്പോൾ ശാന്തത നമ്മെ വലയം ചെയ്യും.അതാണെനിയ്ക്ക് മുക്തി. ഭയത്തിൽ നിന്നുള്ള മുക്തി”.

“മുക്തി…അതൊരുവൻ തനിയെ കണ്ടെത്തേണ്ടതാണ്. പകർന്നു കൊടുക്കേണ്ട ഒന്നല്ല.”
“ലക്ഷ്യമോ പാതയോ പ്രധാനമെന്ന തർക്കത്തിനില്ല ഞാൻ, സവിശേഷാൽ അങ്ങയോട്”…

അവർ നിശ്ശബ്ദയായി. ശാന്തത, അവർക്കിടയിൽ കടലുപോൽ നിറഞ്ഞു കിടന്നു.

സാഷ്ടാംഗം നമിച്ച പ്രതിമയ്ക്ക് ചലനമുണ്ടായി. അദ്ദേഹം ചിറകൊതുക്കിയിരുന്ന ആ ചിന്തകപ്പക്ഷിയ്ക്കു മുന്നിൽ അല്പനേരം ചമ്രം പടിഞ്ഞ് തല കുനിച്ചിരുന്നു. പിന്നെ, എഴുന്നേറ്റ്, തിരിഞ്ഞു നോക്കാതെ പുറത്തേയ്ക്കു നടന്നു. നാലാം കുളിയ്ക്കായി യശോധര അകത്തേയ്ക്കും.

അവർക്കിടയിലെ അദൃശ്യമായിരുന്നൊരു ബന്ധത്തിന്റെ നൂലുമുറിഞ്ഞ ശബ്ദം അണ്ഡകടാഹങ്ങളെ പ്രകമ്പനം കൊള്ളിയ്ക്കും പോൽ ആ ശാന്തതയിൽ നിറഞ്ഞു.