എൻ.ആർ.സിയിൽ മോദി പറയുന്നതാണ് അവസാന വാക്ക്; അമിത്ഷായെ തള്ളി പീയുഷ് ഗോയൽ

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതാണ് അവസാന വാക്കെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകളെ തള്ളിയാണ് ഗോയലിന്റെ പ്രസ്താവന. ‘ രാജ്യത്തെ പ്രധാനമന്ത്രി പറയുന്നതാണ് ഒരു കാര്യത്തിൽ അവസാന വാക്കെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രധാനമന്ത്രി വിശദീകരിച്ചതാണ്. എൻ.ആർ.സി സംബന്ധിച്ച് ഒരു ചോദ്യമോ ചർച്ചയോ ക്യാബിനറ്റ് യോഗത്തിൽ ഉണ്ടായിട്ടില്ല. അതിനായി ഒരു നിയമമോ വ്യവസ്ഥകളോ ഉണ്ടാക്കിയിട്ടില്ല.’-ഗോയൽ പറഞ്ഞു. അമിത്ഷായും മോദിയും പറഞ്ഞതിലെ വൈരുദ്ധ്യത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്ന് അയൽരാജ്യങ്ങളിലുള്ള അഭയാർത്ഥികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് പൗരത്വം നൽകുക എന്നത് ഞങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഒന്നല്ല. അത് മനുഷ്യത്വമാണ്. മനുഷ്യത്വപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയത്തിന്റെ അളവുകോൽ വച്ച് അളക്കരുത്.’- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ രാംലീല മൈതാനത്തു നടന്ന പരിപാടിയിൽ എൻ.ആർ.സി സംബന്ധിച്ച് തന്റെ അഞ്ച് വർഷ ഭരണ കാലയളവിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ല എന്ന് മോദി പറഞ്ഞിരുന്നു. 2014മുതൽ ഇതുവരെ എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കുമെന്നത് സംബന്ധിച്ച് ഒരിടത്തും ചർച്ചകളോ സംസാരമോ നടന്നിട്ടില്ലെന്നും സുപ്രിം കോടതിയുടെ നിർദ്ദേശപ്രകാരം അസമിൽ മാത്രമാണ് ഇത് നടപ്പാക്കിയിട്ടുള്ളത് എന്നുമാണ് മോദി പറഞ്ഞത്. പ്രതിപക്ഷം പറയുന്നത് നുണയാണ്. തങ്ങൾ അത് ചെയ്തിട്ടില്ല. ഇത് പാർലമെന്റിന് മുമ്പിലോ ക്യാബിനറ്റിന് മുമ്പിലോ വന്നിട്ടില്ല. ഒരു നിയമവും ചട്ടവും രൂപപ്പെടുത്തിയിട്ടുമില്ലെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ, പൗരത്വ ഭേദഗതി ബിൽ പാസാക്കുന്നതിനിടെ ലോക്സഭയിൽ സംസാരിക്കവെ, രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്ന് ഷാ പറഞ്ഞിരുന്നു. ആസമിനു പുറമേ രാജ്യത്തുമുഴുവൻ ഇത് നടപ്പാക്കുമെന്ന് ഷാ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും എൻആർസി വ്യാപകമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് മോദി തന്നെ എൻ.ആർ.സിയിൽ മലക്കം മറിഞ്ഞതോടെ, ഷാ ഈ പ്രസ്താവന തിരുത്തി. എൻആർസി രാജ്യവ്യാപകമാക്കുന്നതിനെ കുറിച്ച് ഒരു സംവാദത്തിന്റെ ആവശ്യമില്ല.ഇതു വരെ അതു സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. പാർലമെന്റിലോ കാബിനറ്റിലോ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല എന്നാണ് പിന്നീട് ഷാ പറഞ്ഞത്.