ഉമ്മകൾ (കവിത )

ബിന്ദു രാമചന്ദ്രൻ

കിട്ടുന്ന ഉമ്മകളൊക്കെ
അവൾ ഉപ്പിലിട്ടു വച്ചു.

ആദ്യം കണ്ടപ്പോ
ആഞ്ഞു കിട്ടിയത്,
ചുവന്നൊന്നു തുടുത്തപ്പോ
ചുണ്ടിൽ പകർന്നത്,
ഇടയ്ക്കൊന്നു തിരിഞ്ഞപ്പോ
പിടിച്ചു വാങ്ങിയത്,
പിണങ്ങി കരഞ്ഞപ്പോ
ഇണങ്ങാൻ തന്നത്,

പിന്നെ തെരഞ്ഞു ചെന്നപ്പോ
മടിച്ചു മേടിച്ചത്,
ഒടുക്കം കാത്തിരുന്ന്
മുഷിഞ്ഞപ്പോ
ഇരന്നു കൂട്ടിയത്.

അവസാനം ഒറ്റയ്ക്കിരുന്ന്
കണ്ണീരുപ്പിലലിയിച്ചു
കാറ്റു കൊള്ളിക്കാതെ
ശ്വാസം മുട്ടിച്ച്
അവൾ അവയെ
ചില്ലുപാത്രത്തിലിട്ടടച്ചു.

പ്രണയത്തിന്റെ ലാബിൽ
സ്പെസിമെൻ കളക്ഷന്
സീനിയേഴ്‌സിന്റെ നീണ്ട ക്യൂ
അവൾ കണ്ടിരുന്നേയില്ല.