പ്രസിഡന്റ് നുണ പറയുന്നോ? സുലൈമാനിയെ തീര്‍ക്കാന്‍ 7 മാസം മുന്‍പ് തീരുമാനം!

ഇറാനിയന്‍ ജനറല്‍ കാസെം സുലൈമാനിയെ വധിക്കാനുള്ള തീരുമാനത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാസങ്ങള്‍ക്ക് മുന്‍പ് അംഗീകാരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍ പദ്ധതിക്ക് ട്രംപ് പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ഏതെങ്കിലും തരത്തില്‍ ഇറാന്‍ സൈന്യത്തില്‍ കൈയില്‍ അമേരിക്കക്കാര്‍ വധിക്കപ്പെടുന്ന ഘട്ടത്തില്‍ തിരിച്ചടിക്കാന്‍ മാത്രമാകണം ഇത്തരമൊരു വധമെന്നും തീരുമാനിച്ചിരുന്നു.

അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ നവ്‌റേസ് ഹമീദ് ഇറാഖിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സുലൈമാനിയെ വധിച്ചതെന്നാണ് അമേരിക്ക ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇറാന്‍ ജനറലിനെ വധിക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുന്‍പ് കൈക്കൊണ്ടെങ്കിലും ഇതിനൊരു കാരണം നോക്കി ഇരിക്കുകയായിരുന്നു അമേരിക്കയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അമേരിക്കന്‍ പൗരന്‍ മരിച്ചാല്‍ തിരിച്ചടിക്കുമ്പോഴാകണം സുലൈമാനി കൊല്ലപ്പെടേണ്ടതെന്ന തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.

പത്ത് ദിവസം മുന്‍പ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ സുലൈമാനിയെ വധിച്ചതിന് ഇതുവരെ പറഞ്ഞ കാരണങ്ങളാണ് പുതിയ വിവരങ്ങള്‍ ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ നയതന്ത്രജ്ഞരെയും, സേനാ അംഗങ്ങളെയും ഇറാഖിലും, മേഖലയിലും ഇറാന്‍ ജനറല്‍ ലക്ഷ്യംവെയ്ക്കുകയാണെന്ന് പെന്റഗണ്‍ വാദിച്ചിരുന്നു. ഈ ആക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്ന് വന്നതോടെയാണ് പദ്ധതി നടപ്പാക്കിയതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടതിന് യുഎസ് സേന തിരിച്ചടി നല്‍കി. ഇതിന് പകരം വിട്ടാന്‍ യുഎസ് എംബസിയില്‍ ആക്രമണം സംഘടിപ്പിച്ചതോടെയാണ് നേരത്തെ നിശ്ചയിച്ച തിരക്കഥ പ്രകാരം സൂത്രധാരനായ സുലൈമാനിയെ അമേരിക്ക ഇല്ലാതാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ