പൂർത്തിയാകാത്ത സ്വപ്നങ്ങളാണോ സ്വപ്നങ്ങളായി വരുന്നത്?

ഷാജു വി.വി
ഇന്നലെ ഒരു സ്വപ്നം കണ്ടു. ലോകാവസാനദിനമാണ് .ഒരു കൂറ്റൻ ആകാശഗോളം ഭൂമിയിൽ വന്നു വീഴും.

ഞാനൊറ്റയ്ക്കാണ് .മുഴുവൻ ആളുകളുമൊഴിഞ്ഞു പോയ ഒരു ഫ്ലാറ്റിലെ പതിനേഴാം നിലയിലാണ് .പ്രീയപ്പെട്ട ആളുകളെ അവസാനമായി കാണാൻ കഴിയില്ലല്ലോ എന്ന (അന്യോന്യം അവസാനമായി കാണുക! ) വ്യസന മൊഴിച്ചാൽ ഞാൻ പൊതുവേ ഭാരരഹിതനാണ്. ലോകാവസാനം മനുഷ്യരെ സമൻമാരാക്കുന്നു എന്ന ആലോചന എന്നെ ലേശം ഉൻമേഷവാൻ കൂടിയാക്കിയിട്ടുണ്ട്. മരണം മുഴുവൻ മനുഷ്യർക്കും തുല്യമായി വിതരണം ചെയ്യപ്പെടുന്നു.ഒറ്റ ഭാഷയിലുള്ള മരണം, ഏക നേരത്ത്.

ഞാൻ ഒരു പെഗ്ഗുമായി ബാൽക്കണിയിലിരിക്കുകയാണ് .താഴെ രണ്ടു പട്ടികൾ ഇണചേരുന്നുണ്ട്. ജന്തുജീവജാലങ്ങൾക്ക് ലോകാവസാനമില്ല, മരണത്തെക്കുറിച്ച് അറിവില്ലാത്തവർക്ക് മരണമില്ലെന്നതു കൊണ്ട് .

ഭരണകൂടങ്ങളെല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു, ഒറ്റക്കുഞ്ഞും വിപ്ലവം നടത്താതെ. അമേരിക്കൻ പ്രസിഡണ്ടിനും ഇറാനിയൻ പ്രസിഡണ്ടിനും ഒരേ വിധി. അഭയാർത്ഥിക്കും പൗരനും ഒരേ ചരമ രാജ്യം. സ്വത്വവാദികളും ലിബറലുകളും വർഗ്ഗൻമാരും സ്ത്രീവാദികളും ധർമിഷ്ഠരും കുറ്റവാളികളും മറ്റു സകലരും ഭൂമിയിൽ ഒരേ മട്ടിൽ കത്തിയെരിഞ്ഞു ശയിക്കും.

വാതിൽ മലർക്കെത്തുറന്ന തടവറകളിൽ നിന്നും അന്തേവാസികൾ ആഘോഷ പൂർവ്വം ഒഴുകിയിറങ്ങി.തലേന്നാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മനുഷ്യർ ഒരു നാൾ നീട്ടിക്കിട്ടിയതിന്റെ ആഹ്ലാദത്തിൽ ഉടമകളില്ലാതെ തുറന്നു കിടന്ന ബാറുകളിൽ പാനോൽസവങ്ങൾ നടത്തി.മരണം വിധിച്ച ന്യായാധിപനും മരണം വിധിക്കപ്പെട്ടവനും തുല്യ വിധി. ഞാൻ പൊട്ടിച്ചിരിച്ചു.

എനിക്ക് പനോളിയെ വിളിക്കണമെന്നു തോന്നി. ടെലഫോൺ സംവിധാനം നിലച്ചു കഴിഞ്ഞിരുന്നു.വൈദ്യുതി നിലച്ചിരുന്നു. ലോകാവസാനത്തിനു മുമ്പേ ലോകം പാതിയും അവസാനിച്ചു കിടക്കുന്നു .

ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന വൈകാരിക മുഹൂർത്തങ്ങളെ കുറിച്ച് ഞാൻ കൌതുകത്തോടെ ആലോചിച്ചു.രതിയും നിലവിളിയും ആത്മഹത്യകളും പ്രാർത്ഥനകളും …

രാവിലെ ഉണരുമ്പോൾ അജയ് ഘോഷും പ്രേമനും അടുത്തു കിടപ്പുണ്ട് .ഇല്ല, ഒന്നും അവസാനിച്ചിട്ടില്ല.ഇന്നും സ്കൂളിൽ പോകേണ്ടി വരും.

പത്തിരുപത് വർഷങ്ങൾക്കു മുമ്പ് ലോകാവസാനം പ്രമേയമാക്കി ഞാനൊരു നോവൽ എഴുതി തുടങ്ങിയിരുന്നു.

വർഷങ്ങൾക്കു മുമ്പ് ദിലീപ് രാജ്‌ എഡിറ്ററായിരിക്കേ പച്ചക്കുതിര മാസികയിൽ ഞാൻ ചെയ്തിരുന്ന കൽപന എന്ന പംക്തിയിൽ അതിലെ ഒരധ്യായം വന്നിരുന്നു. ലോകാവസാന രാത്രി പിയറി എന്ന ഫ്രഞ്ചുകാരൻ ഷുഗർ രോഗി ബേക്കറിയിൽ കയറി ഷട്ടറിട്ട് ആഘോഷിക്കുന്ന ഒരു മുഹൂർത്തം അതിലുണ്ട്.

ലോകം അവസാനിക്കുന്ന നിമിഷം ഗർഭപാത്രത്തിൽ നിന്നു മോചിതയായ ഒരു കുഞ്ഞ് കരഞ്ഞുകൊണ്ട് ഭൂജാതയാകുന്നിടത്താണ് നോവൽ അവസാനിക്കുന്നത് .

പൂർത്തിയാകാത്ത സ്വപ്നങ്ങളാണോ സ്വപ്നങ്ങളായി വരുന്നത്?