ജയകൃഷ്ണൻ ,ക്ലാര,രാധ; മലയാളികളുടെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങൾ

ഡോ.എസ്.രമ

തൂവാന ത്തുമ്പികൾ…
മലയാളി നെഞ്ചേറ്റിയ പദ്‌മരാജൻ സിനിമകിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചലച്ചിത്രം …
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ മായാത്ത ദൃശ്യങ്ങൾ.. ഗാനങ്ങൾ.. കഥാപാത്രങ്ങൾ.
മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ ഇത്ര മനോഹരമായി ആവിഷ്കരിക്കാൻ മറ്റേത് സംവിധായകനാണ് കഴിയുക?
ചിത്രം പുറത്തിറങ്ങിയതും ഒരു മഴക്കാലത്ത്…

കേന്ദ്ര കഥാ പാത്രമായ ജയകൃഷ്ണൻ നാട്ടിലെ അറിയപ്പെടുന്ന ഒരു ജന്മികുടുംബത്തിലെ സന്തതിയാണ്. നല്ലൊരു കർഷകനായ അയാളിൽ വീടിന്റെ ചുമതല നിക്ഷിപ്തമാണ്. കണക്കുകളിൽ കർക്കശക്കാരനും നാട്ടിലെ മാന്യനുമാണയാൾ. പട്ടണത്തിലും അയാൾക്ക് സാമൂഹ്യ ബന്ധങ്ങളും അൽപസ്വൽപം ഗുണ്ടായിസവും ഉണ്ടെന്നുള്ളത് അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന രഹസ്യം. ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് സ്ത്രീകൾ.ക്ലാരയും രാധയും. അയാൾക്ക് അവരോടുള്ള പ്രണയം.അതിനെ ആസ്പദമാക്കിയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.

രണ്ടു സ്ത്രീകളോടുള്ള നായകന്റെ പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ.ഏറ്റവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് ചിലപ്പോഴെങ്കിലും ഒരേ സമയം ഒന്നിലധികം ആൾക്കാരെ പ്രണയിക്കാൻ കഴിയും.എന്നു കൂടി പറയാതെ പറയുന്ന ചിത്രം..

തങ്ങൾ എന്ന കൂട്ടിക്കൊടുപ്പുകാരനുമായി ജയകൃഷ്ണന് സൗഹൃദമുണ്ട്. തങ്ങളുടെ ജീവിത മാർഗ്ഗമാണത് എന്ന് അയാൾക്ക് വ്യക്തമായി അറിയാം. അത്തരത്തിൽ പല സ്ത്രീകളെയും തങ്ങൾ മുഖാന്തരം പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അവരോടൊന്നും ബന്ധപ്പെടാൻ ജയകൃഷ്ണൻ ശ്രമിച്ചിട്ടില്ല. അയാൾക്ക് ആകെ പ്രണയം തോന്നിയത് തന്റെ അകന്ന ബന്ധത്തിലുള്ള തെല്ല് കുറുമ്പു കാരി കൂടിയായ രാധയോടാണ്. എല്ലാത്തിനോടും തുറന്ന സമീപനമുള്ള അയാളത് കോളേജിൽ ചെന്ന് രാധയോട് നേരിട്ട് പറയുന്നു. അയാളെപ്പറ്റിയുള്ള എന്തോ മുൻധാരണ കൊണ്ടാകണം അവൾ അത് നിരസിക്കുന്നു. അയാൾക്ക് അതിൽ നിരാശയുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസമാണ് തങ്ങൾ തന്റെ കയ്യിൽ പുതുതായി വന്നു ചേർന്ന ക്ലാര എന്ന പെൺകുട്ടിയെ പറ്റി ജയകൃഷ്ണനോട് പറയുന്നത്. “പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന പെൺകുട്ടിയല്ല അവൾ” എന്നു പറയുന്ന തങ്ങൾ അവളുടെ മനശാസ്ത്രം പഠിക്കാൻ ജയകൃഷ്ണനെ നിയോഗിക്കുന്നു. അങ്ങനെയാണു ക്ലാര ജയകൃഷ്ണന്റെ മുമ്പിലെത്തുന്നത്.

“എങ്ങു നിന്നോ വന്ന് എങ്ങോട്ടോ പോയ ഒരുവൾ.” ജയകൃഷ്ണന് ക്ലാരയെ പറ്റി പറയാനുള്ളത് അങ്ങനെയാണ്. രാധ തന്റെ പ്രണയം നിഷ്ക്കരുണം നിരസിച്ചതിന്റെ ഇച്ഛാഭംഗത്തി ൽനിന്നാണ് ക്ലാരയോടുള്ള അയാളുടെ ഇഷ്ടം ഉടലെടുക്കുന്നത് എന്നു വേണമെങ്കിൽ പറയാം. ജീവിതത്തിൽ ആദ്യമായി ബന്ധപ്പെടുന്ന പെണ്ണ് എന്ന നിലയിൽ അയാൾക്ക് അവളോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അശ്ലീലമില്ലാത്ത ലൈംഗികത ചേർത്ത് എത്ര മനോഹരമായി സംവിധായകൻ ആ പ്രണയത്തെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു.

ക്ലാരയെ സംബന്ധിച്ച് പറയുകയാണെങ്കിൽ….
അവൾ ആദ്യം ബന്ധപ്പെടുന്ന പുരുഷനാണ് ജയകൃഷ്ണൻ. അയാളോടൊപ്പം ചെലവഴിക്കുന്ന ദിവസങ്ങളിൽ അവൾക്ക് അയാളോട് പ്രണയമുണ്ട്. പക്ഷേ അയാളുടെ ഭാര്യയാകാൻ അവൾ കൂട്ടാക്കുന്നില്ല. തന്റെ കന്യകാത്വത്തിനോ, പരപുരുഷ ബന്ധത്തിനോ, ഒന്നും അവൾ വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല എന്നതാണ് സത്യം. ചവിട്ടിനിൽക്കുന്ന മണ്ണ് മാത്രം കാൽക്കീഴിൽ സ്വന്തമായുള്ള ഒരുവൾ അങ്ങനെ ചിന്തിച്ചതിൽ അത്ഭുതമൊന്നുമില്ല. “അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു വഴി സ്വീകരിച്ചത് ആണോ? ” എന്ന ജയകൃഷ്ണന്റെ ചോദ്യത്തിന് “അതെ ”
എന്ന് മറുപടി പറയുമ്പോൾ തന്നെ
“എന്തിന്? ”
എന്നുള്ള അയാളുടെ അടുത്ത ചോദ്യത്തിന്
” നിങ്ങൾ ഈ മുറിയിൽ വന്നത് എന്തിന് എന്ന് ഞാൻ ചോദിച്ചില്ലല്ലോ? “എന്നതാണ് അവളുടെ മറുപടി. ജയകൃഷ്ണനോടോ തങ്ങളോടോ രണ്ടാനമ്മയോടോ യാതൊരു വിധേയത്വവും ഇല്ലാതെ സ്വന്തം വഴി തേടി ഒളിച്ചോടി പോകുന്ന ക്ലാര സ്ത്രീയുടെ വ്യത്യസ്തമായ ഒരു മുഖമാണ്. “എന്തായാലും നശിക്കും. എന്നാൽ പിന്നെ അന്തസ്സായി നശിച്ചു കൂടെ? “എന്ന അവളുടെ വാക്കുകൾ…
“അവളെ അത്രപെട്ടെന്നൊന്നും മനസ്സിലാക്കാൻ കഴിയുകയില്ല.” എന്നു പറയുന്ന ജയകൃഷ്ണൻ..
“അവൾ ഒരു കള്ളിയാണെന്നാദ്യമേ തോന്നിയിരുന്നു”. എന്നു പറയുന്ന തങ്ങൾ..

പീഡനങ്ങളെ ഭയമില്ലാതെ സ്വതന്ത്രയായി സഞ്ചരിക്കാൻ പേടിയില്ലാത്ത ക്ലാര.. സ്ത്രീയുടെ വേറിട്ട മുഖമാണ്.. ഒരുപക്ഷേ അമ്മ മരിച്ച അനാഥത്വത്തിൽ നിന്ന്… രണ്ടാനമ്മയുടെ പീഡനങ്ങളിൽ നിന്ന്… മുഴുക്കുടിയനായ അച്ഛന്റെ അവഗണനയിൽ നിന്ന്.. അവൾ സ്വയം സമ്പാദിച്ചെടുത്ത ധൈര്യമായിരിക്കുമത്. അതുകൊണ്ടുതന്നെ നശിക്കുകയല്ലാതെ മറ്റു വഴികളൊന്നും തന്നെ മുന്നിലില്ലെന്നറിഞ്ഞിട്ടും തങ്ങൾക്കോ രണ്ടാനമ്മയ്ക്കോ ഒരു മുതലെടുപ്പിന് നിന്നു കൊടുക്കാൻ അവൾ തയ്യാറാകുന്നില്ല. ജയകൃഷ്ണന്റെ വിധേയത്വമുള്ള ഭാര്യയായി ജീവിത സൗഭാഗ്യം തേടാനുമവൾ തയ്യാറല്ല. പരിചയപ്പെട്ട ഒരു പുരുഷനോടും ഒരാഴ്ചയ്ക്കപ്പുറമുള്ള പ്രണയമോ ലൈംഗികതയോ അവൾ സൂക്ഷിക്കുന്നില്ല. പക്ഷേ ആദ്യം പരിചയപ്പെട്ട പുരുഷനെന്ന നിലയ്ക്ക് ജയകൃഷ്ണനോട് അവൾക്ക് പ്രത്യേകതയുണ്ട്. രണ്ടാമത് അയാളെ കാണുമ്പോൾ,അയാൾ രാധയുടേതാകാൻ പോകുന്നെന്നറിയുമ്പോൾ അവൾക്ക് തെല്ലു വിഷമമുണ്ട്.

പക്ഷെ “രാധയുമായുള്ള വിവാഹം കഴിഞ്ഞാൽ ഇനി ഒരിക്കലും തമ്മിൽ കാണില്ല” എന്നുപറയുമ്പോൾ ക്ലാരയുടെ വ്യത്യസ്തമായ ഒരു മുഖമാണ് നമ്മൾ കാണുന്നത്. ഏറ്റവുമൊടുവിൽ ജയകൃഷ്ണൻ ക്ലാരയെ കാണുമ്പോൾ അവൾ മോനി ജോസഫിനെ വിവാഹം കഴിച്ചിരുന്നു. ഒരുപക്ഷേ അങ്ങനെ ഒരു സുരക്ഷിതത്വം ആവശ്യമെന്ന് അവൾക്ക് തോന്നിയിരിക്കാം. അല്ലെങ്കിൽ വീണ്ടും ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് കടന്നു വരുമോ എന്ന് അവൾ ഭയക്കുന്നുണ്ടാകും.
“ഇങ്ങനെയൊന്ന് ആവശ്യം എന്ന് തോന്നി “എന്നു പറഞ്ഞ് അവൾ യാത്ര പറഞ്ഞു പോവുകയാണ്.

ജയകൃഷ്ണന്റെയൊരു അകന്ന ബന്ധുവാണ് രാധ. പേരുകേട്ട തറവാടിന്റെ പശ്ചാത്തലത്തിൽ ഏറ്റവും സുരക്ഷിതയാണവൾ. കുല സ്ത്രീയുടെ പരിവേഷത്തിൽ നിന്നല്ലാതെ ചിന്തിക്കാൻ പോലും കഴിയാത്ത ഒരുവൾ. ഓമനിച്ച് വളർത്തിയതി ന്റെ ലേശം കുറുമ്പ് കൂടി ഉണ്ട് അവൾക്ക്. അതുകൊണ്ടുതന്നെ മനസ്സിലുണ്ടായിരുന്ന മോശം മുൻവിധികളുടെ അടിസ്ഥാനത്തിൽ ജയകൃഷ്ണന്റെ പ്രണയം നിഷ്കരുണം നിരസിക്കാൻ അവൾ തെല്ലും മടിച്ചില്ല. പിന്നീട് സ്വന്തം ജേഷ്ഠന്റെ വാക്കുകളിൽനിന്ന് ജയകൃഷ്ണന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ അവളയാളെ പ്രണയിക്കുന്നു. ക്ലാരയെ പ്പറ്റി ജയകൃഷ്ണന്റെ വാക്കുകളിൽനിന്നു തന്നെയാണവൾ അറിയുന്നത്. സ്വാഭാവികമായ വിഷമവും ദേഷ്യവും അവൾ ക്കുണ്ട്. പക്ഷേ ജയ കൃഷ്ണനോടുള്ള പ്രണയം അതിലുപരിയാണ്. ഒടുവിലവൾ സമാധാനിക്കുന്നു…” ക്ലാര ഇനിയും വരില്ല.. അഥവാ വന്നാൽ തന്നെ അത് പഴയ ക്ലാര ആവില്ല..” ക്ലാരയുടെ രണ്ടാംവരവിൽ അവൾ ശരിക്കും അസ്വസ്ഥയാകുന്നു. “ഇനി ഒരിക്കലും ക്ലാരയെ കാണില്ല എന്ന് രാധയ്ക്ക് വാക്ക് കൊടുക്കാൻ ജയകൃഷ്ണനും നിർബന്ധിതനാകുന്നു. എന്നിട്ടും വിവാഹത്തിന് ഏതാനും ദിവസം മുമ്പ് ക്ലാരയുടെ മൂന്നാം വരവുണ്ടായി. രാധയ്ക്ക് തീരെ ഉൾക്കൊള്ളാൻ പറ്റാത്ത ഒന്ന്. വിവാഹത്തിൽ നിന്ന് പിൻമാറാൻ പോലുമവൾ തുനിയുന്നു. വിവാഹം നടത്തുന്നതിനുവേണ്ടി ബലമായി അവളെ രജിസ്റ്റർ ഓഫീസിൽ കൊണ്ടുവന്ന ജയകൃഷ്ണനോട് വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് ജയകൃഷ്ണനോടൊപ്പമായിരിക്കും എന്നു പറയുമ്പോഴും അവൾ ക്ലാരയുടെ കാര്യത്തിൽ ഒരു വ്യക്തത ആവശ്യപ്പെടുന്നുണ്ട്. റെയിൽവേസ്റ്റേഷനിൽ ജയകൃഷ്ണനെ കാണാനെത്തുന്ന ക്ലാര വിവാഹിതയാണെന്ന് നേരിട്ട് കണ്ടു ബോധ്യപ്പെടുന്ന രാധ ജയ് കൃഷ്ണനുമായി ഒത്തുചേരുന്നിടത്ത് ചിത്രം അവസാനിക്കുന്നു. തീർത്തും ഒരു കുല സ്ത്രീയുടെ മുഖമാണ് രാധക്ക് എന്നു പറയാം.

ജയകൃഷ്ണൻ ഒരു സത്യസന്ധനായ കാമുകനാണെന്ന് മനസ്സിലാക്കാനവൾ തുനിയുന്നില്ല. ക്ലാരയെ പറ്റി അയാൾക്ക് രാധയോട് പറയാതിരിക്കാമായിരുന്നു. തന്നെപ്പറ്റി രാധയോട് പറയരുത് എന്ന് ക്ലാര പറഞ്ഞിട്ടും അയാൾ അതു ചെയ്തില്ല. മറ്റു പുരുഷന്മാരിൽ നിന്നും അയാളെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണ്.
മോഹൻലാലും സുമലതയും പാർവതിയും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. മനോഹരമായ ഗാനങ്ങൾ ചിത്രത്തെ കൂടുതൽ ഭംഗിയുള്ളതാക്കു ന്നു. തൃശൂരിന്റെ പശ്ചാത്തലത്തിലെടുത്ത ചിത്രം.. ദശാബ്ദങ്ങൾ പിന്നിട്ടിട്ടും തലമുറകൾ നെഞ്ചിലേറ്റുന്നു. ലോക സിനിമ രംഗത്ത് മലയാള സിനിമകളിൽ തൂവാനത്തുമ്പികൾ ഇന്നും മുൻനിര ചിത്രങ്ങളിലൊന്നാണ് ഒന്നുകൂടി അടിവരയിടുന്നു..പദ്മരാജനെന്ന അതുല്യപ്രതിഭ ക്ക് പകരക്കാരില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ