ട്രംപിന്റെ സന്ദര്‍ശനം; അഹമ്മദാബാദില്‍ പാന്‍കടകള്‍ പൂട്ടിച്ചു, മതിലിന്റെ ഉയരം കൂട്ടി

അഹ്മദാബാദ്: യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മേഖലയിലെ പാന്‍മസാല കടകള്‍ താല്‍ക്കാലികമായി പൂട്ടി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. വിമാനത്താവളത്തിന്റെ ചുറ്റുവട്ടത്തുള്ള മൂന്നു പാന്‍കടകളാണ് നിര്‍ബന്ധിച്ചു പൂട്ടിച്ചത്. കടകള്‍ക്കു മുമ്പില്‍ സീല്‍ വെച്ച നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കട തുറക്കാന്‍ ശ്രമിച്ചാല്‍ നിയമനടപടിയെടുക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പുണ്ട്. പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് കടകള്‍ പൂട്ടിയതെന്ന് കോര്‍പറേഷന്‍ പറയുന്നു.അതിനിടെ, സരണിയ വാസ് ചേരി മറയ്ക്കാനായി കോര്‍പറേഷന്‍ നിര്‍മിക്കുന്ന മതിലിന്റെ ഉയരം കൂട്ടി. നാലടിയില്‍ നിന്ന് അഞ്ചടിയായാണ് ഉയരം വര്‍ദ്ധിപ്പിച്ചത്. ചിലയിടത്ത് ഗ്രില്ലുകളും കര്‍ട്ടനുകളും സ്ഥാപിച്ചിട്ടുണ്ട്.

മൂന്നു മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന അഹമ്മദാബാദിലെ സന്ദര്‍ശനത്തനായി നൂറു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഒരു മിനിറ്റില്‍ ഏകദേശം ചെലവ് 55 ലക്ഷം രൂപ. ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് പണം ഒരു തടസമാകരുതെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞതായി ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സുരക്ഷയ്ക്ക് മാത്രം 12 കോടി രൂപയാണ് ചെലവ്. ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടി പിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാല് കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനായി ഏഴുകോടിയുമാണ് ചെലവാകുന്നത്. വഴി അലങ്കരിക്കാനായി മാത്രം 3.7 കോടി രൂപയുടെ പൂക്കളാണ് വാങ്ങുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ