‘അലനും താഹയും മാവോയിസ്റ്റുകള്‍’; അവർ ഇപ്പോൾ സിപിഎമ്മുകാരല്ല: കോടിയേരി

പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും കോടിയേരി വ്യക്തമാക്കി. ‘പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിൽ ആര്‍ക്കും അധികാരമില്ല. അക്കാരണത്താല്‍ അവരെ സിപിഐഎം ഏരിയ കമ്മറ്റിയില്‍ നിന്നും പുറത്താക്കി. ഏരിയാക്കമ്മറ്റിയുടെ നടപടിക്ക് ജില്ലാക്കമ്മറ്റി അംഗീകാരവും നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇരുവരേയും പുറത്താക്കിയത്’. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി പറഞ്ഞു. മാവോയിസ്റ്റാണെന്ന് പാര്‍ട്ടിക്ക് വ്യക്തമായതോടെയാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. ഇപ്പോള്‍ അവര്‍ സിപിഎമ്മുകാരല്ല. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ അവര്‍ മാവോയിസ്റ്റുകളാണെന്നതിന്‍റെ വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ