കള്ളനും പോലീസും

റോയ് മാത്യു
ഈ പോട്ടം പടത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന പുണ്യാത്മൻ അത്ര നിസ്സാരക്കാരനല്ല, ബിഷപ് ധർമ്മരാജ് റസാലം – സി എസ് ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയുടെ മോഡറേറ്റർ – എന്ന് വെച്ചാൽ സഭാ പരമാധ്യക്ഷൻ. റസാലം ആള് നിസാരക്കാരനല്ല – പിണറായി വിജയൻ്റെ പോലീസ് അന്വേഷിക്കുന്ന പത്ത് പന്ത്രണ്ട് കേസിലെ മുഖ്യ പ്രതി – മൊത്തം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ചാർജ് ചെയ്ത കേസുകൾ .ഗൂഢാലോചന, തട്ടിപ്പ്, വെട്ടിപ്പ്, ചതി , വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഇത്യാദി സകല കള്ളമ്മാർക്കുമെതിരെ പോലീസ് ചാർത്തുന്ന സ്ഥിരം വകുപ്പുകൾ പ്രകാരം കേസുള്ള മഹാനാണിദ്ദേഹം.
സഭയുടെ കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തു വെന്നാണ് കേസ്. പുതിയതായി ചുമതലയേറ്റ മോഡറേറ്റർക്ക് തിരുവനന്തപുരത്ത് ഇന്നലെ നൽകിയ പൗരസ്വീകരണത്തിലെ മുഖ്യാതിഥി ആയിരുന്നു മുഖ്യമന്ത്രി.

വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം എന്നീ പോലീസ് സ്റ്റേഷനുകളിലായി റസാലത്തിനെതിരെ 12 കേസുകൾ നിലവിലുണ്ട്. ഐപിസി 34, 120 B, 420, 468, 471 ,378, 380 എന്നിങ്ങനെയുള്ള വകുപ്പുകളനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഇങ്ങേരുടെ രോമത്തെ ഇനി തൊടാൻ കേരളാ പോലീസിലെ ആർക്കുണ്ട് ധൈര്യം? ഈ പടം കേരളാ പോലീസിനുള്ള വലിയ താക്കീതാണ് – അതിലുപരി വലിയൊരു സന്ദേശമാണ് – മുഖ്യമന്ത്രിയും ഭരണക്കാരും പ്രതിപക്ഷവും ഒപ്പമുണ്ടെങ്കിൽ എന്ത് തട്ടിപ്പും വെട്ടിപ്പും നടത്താം, നിയമം നിങ്ങളെ ഒരു ചുക്കും ചെയ്യില്ല. അഴിമതിക്കെതിരെ സീറോ ടോളറൻസ് എന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ തട്ടിപ്പുകാരനെ കെട്ടിപ്പിടിച്ചാൽ പിന്നെ എന്തോന്ന് അഴിമതി ? കടക്കു പുറത്ത് എന്ന് പോലീസിനോടും ഈ ഫോട്ടോ പറയുകയാണ്. ആവലാതിക്കാരനെ ഒന്നാം പ്രതി ധർമ്മരാജ് റസാലം ചതിച്ചും വഞ്ചിച്ചും പണം കൈക്കലാക്കി എന്നൊക്കെ FIR ൽ പോലീസിന് എഴുതി വെക്കാമെന്ന് മാത്രം!

ഇതിനും പുറമെ 24 മെഡിക്കൽ വിദ്യാർത്ഥികൾക്ക് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് റിട്ട. ജഡ്ജി .ആർ. രാജേന്ദ്രബാബു ചെയർമാനായ സംസ്ഥാന അഡ്മിഷൻ ആൻ്റ് സുപ്രവൈസറി കമ്മിറ്റി ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയൻ്റെ സർക്കാർ ഒന്നും ചെയ്തില്ല. അഴിമതിക്കെതിരെയുള്ള നിരന്തര പോരാട്ടത്തിനിടയിൽ പിണറായിക്ക് ഇത്തരം പരൽ മീനുകളെ പിടിക്കാൻ തീരെ താൽപര്യമില്ല. പോരാത്തിന് സി എസ് ഐ കാർക്ക് തിരുവനന്തപുരത്ത് ഇച്ചിരി വോട്ട് ഉണ്ടെന്നാണ് പറയുന്നത്. അതു കൊണ്ട് തന്നെ മുഖ്യമന്ത്രിയെ കൂടാതെ എം പിമാർ, എം എൽ എ മാർ മേയർ തുടങ്ങി എല്ലാ മാന്യന്മാരും ഈ സ്വീകരണ മാമാങ്കത്തിൽ പങ്കെടുത്തിരുന്നു. എല്ലാ പൗരന്മാർക്കും തട്ടിപ്പുകാർക്കും ഇമ്മാതിരി പൗരസ്വീകരണം കിട്ടിയെന്ന് വരില്ല – കുപ്പായമിട്ട തട്ടിപ്പ് വീരന്മാർക്ക് മുൻഗണന – പന്ത്രണ്ടല്ല, പന്തീരായിരം കേസുണ്ടെങ്കിലും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ വരും, വരാതിരിക്കില്ല – എന്തിന് ബിജെപിയും ഇത്തരക്കാരെ സംരക്ഷിക്കാൻ രംഗത്തുണ്ട്. പൗരസ്വീകരണത്തിന് ബി ജെ പി നേതാവ് ഒ . രാജഗോപാൽ MLA യും എത്തിയിരുന്നതായി പത്ര വാർത്തയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ