ബിശ്വാസിൻ്റെ വിശ്വാസമില്ലാത്ത റിപ്പോർട്ട്

റോയ് മാത്യു

ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വാസ് മേത്ത എല്ലാം കോംപ്ലിമെൻസാക്കി. ഇനി ബെഹ്റയെ വിശുദ്ധനായി പ്രഖ്യാപിക്കാം – പോലീസിനെതിരായുള്ള സി എ ജി റിപ്പോർട്ടിലെ കണ്ടെത്തലുകളെ വെള്ള പൂശിയുള്ള ഹോം സെക്രട്ടറിയുടെ റിപ്പോർട്ട് ഇനി മുതൽ വേദ വാക്യം.
ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ വസ്തുതകൾ സർക്കാരിൻ്റെ ശമ്പളം മേടിക്കുന്ന ഒരുദ്യോഗസ്ഥൻ എങ്ങനെ തിരുത്തി എഴുതും.? ഇയാൾക്കതിനുള്ള അധികാരമുണ്ടോ? ഭരണ ഘടനയുടെ 149 ഉം 151 ഉം അനുഛേദങ്ങൾ പ്രകാരമാണ് സിഎജി ഓഡിറ്റ് നടത്തുന്നത്. അപ്രകാരം സി എ ജി കണ്ടെത്തിയ നിഗമനങ്ങളെ തള്ളിക്കളയാനോ, നിരാകരിക്കാനോ ആഭ്യന്തര സെക്രട്ടറിക്ക് അവകാശമില്ല.

സർക്കാർ വകുപ്പുകളിൽ ഓഡിറ്റ് നടത്തുന്നതിൻ്റെ നടത്തിപ്പിനെക്കുറിച്ച് സിഎജി തന്നെ വിശദീകരിക്കുന്നുണ്ട്- ” ഓരോ യൂണിറ്റിൻ്റേയും ഓഡിറ്റ് പൂർത്തിയാക്കിയതിനു ശേഷം ഓഡിറ്റ് കണ്ടെത്തലുകൾ ഉൾകൊള്ളുന്ന പരിശോധനാ റിപ്പോർട്ടുകൾ ഓഫീസ്/ വകുപ്പ് തലവന്മാർക്ക് നൽകുന്നു. വകുപ്പുകൾ പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച തീയതി മുതൽ നാലാഴ്ച്ചക്കുള്ളിൽ ഓഡിറ്റ് കണ്ടെത്തലുകൾക്ക് മറുപടി നൽകേണ്ടതാകുന്നു. മറുപടികൾ ലഭിക്കുന്ന സമയത്ത് ഓഡിറ്റ് കണ്ടെത്തലുകൾ തീർപ്പാക്കുകയോ അല്ലെങ്കിൽ നിയമം അനുസരിക്കുന്നതിന് തുടർ നടപടികൾ ഉപദേശിക്കുകയോ ചെയ്യുന്നു. ഈ പരിശോധനാ റിപ്പോർട്ടുകളിൽ നിന്നും ഉയർന്നു വരുന്ന പ്രധാനപ്പെട്ട ഓഡിറ്റ് നിരീക്ഷണങ്ങൾ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി തയ്യാറാക്കുകയും, അവ ഇന്ത്യൻ ഭരണ ഘടനയുടെ അനുഛേദം 151 പ്രകാരം നിയമ സഭയിൽ വയ്ക്കുന്നതിന് സംസ്ഥാന ഗവർണർക്ക് സമർപ്പിക്കുകയും ചെയ്യുന്നു ” . .
(സിഎജി റിപ്പോർട്ട്. Page 3)

മാസങ്ങൾക്ക് മുമ്പ് തന്നെ സി എ ജി അവരുടെ നിരിക്ഷണങ്ങളും കണ്ടെത്തുല്ലകളും ആഭ്യന്തര വകുപ്പിനെ അറിയിച്ച് തൃപ്തികരമായ മറുപടി നൽകിയ ശേഷം അതേ വകുപ്പിലെ സെക്രട്ടറി തന്നെ ആ നിഗമനങ്ങൾ മുഴുവൻ നിരാകരിക്കുന്നത് എങ്ങനെ വിശ്വസിക്കാം ? ഇത് ശുദ്ധ തട്ടിപ്പാണ്.
വെള്ളപൂശലാണ്.
അതിലുപരി ആഭ്യന്തര വകുപ്പിൽ സി എ ജി നടത്തിയ ഓഡിറ്റിനെക്കുറിച്ചും , അവരുടെ കണ്ടെത്തലുകൾ ആഭ്യന്തര വകുപ്പ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും കൃത്യമായി അറിയിച്ച കാര്യം സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച്. നടത്തുന്ന അന്വേഷണങ്ങള്‍ക്ക് നിയമപരമായ സാധുതയോ വസ്തുത അന്വേഷണമോ നടത്താന്‍ കഴിയില്ലെന്നാണ് യാഥാര്‍ത്ഥ്യം. സി.എ.ജി ഓഡിറ്റ് എങ്ങനെയാണ് പോലീസിലും ആഭ്യന്തര വകുപ്പിലും നടത്തിയതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

‘ 2013 – 18 കാലയളവ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തന ക്ഷമത ഓഡിറ്റ് 2018 മെയ് മുതല്‍ 2018 ഒക്ടോബര്‍ വരെ സര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, പോലീസ് ആസ്ഥാനം, കേരള പോലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, തെരഞ്ഞെടുത്ത ഫീല്‍ഡ് ഓഫീസുകള്‍ എന്നിവടങ്ങളിലെ പ്രസക്ത രേഖകളുടെ ലാക്ഷണിക പരിശോധനയിലൂടെ നടത്തി. പോലീസ് വകുപ്പിന്റെ നവീകരണത്തിനായുള്ള പദ്ധതികളുടെ വിവിധ ഘടകങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന് സംയുക്ത ഭൗതിക പരിശോധനയും ഓഡിറ്റ് നടത്തി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായും പോലീസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ ജനറലുമായും (ഐ.ജി) 2018 ഏപ്രില്‍ 25ന് പ്രാരംഭ കൂടിക്കാഴ്ച്ചയില്‍ ഓഡിറ്റ് ഉദ്ദേശങ്ങളും മാനദണ്ഡങ്ങളും ഓഡിറ്റ് ചെയ്യുന്ന സമ്പ്രദായവും ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും സംസ്ഥാന പോലീസ് മേധാവിയുമായും 2019 ഏപ്രില്‍ എട്ടിന് നടന്ന അന്തിമ കൂടിക്കാഴ്ച്ചയില്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍ വിശദമായി ചര്ച്ച ചെയ്തു. കേരള സര്‍ക്കാരിന്റെ മറുപടി അനുയോജ്യമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റിന്റെ ശിപാര്‍ശകളെല്ലാം കേരള സര്‍ക്കാര്‍ സ്വീകരിച്ചു’ – (Page_ 11)
ഇത്തരത്തില്‍ ആഭ്യന്തരവകുപ്പിനെയും പോലീസിനെയും ബോധ്യപ്പെടുത്തി നടത്തിയ ഓഡിറ്റിനെക്കുറിച്ച് ഇനി ഒരിക്കല്‍ കൂടി ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുന്നതില്‍ പ്രസക്തിയില്ല. ഓഡിറ്റ് നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ച സര്‍ക്കാരും പോലീസും ആഭ്യന്തര വകുപ്പും ഇനി അതേ വകുപ്പിൻ്റെ സെക്രട്ടറിയുടെ അന്വേഷണത്തിനും നിരിക്ഷണങ്ങൾക്കും നിയമപരമായ സാധുത യോ . പവിത്രതയോ ഇല്ല.
നാട്ടുകാരെ പറ്റിക്കാനുള്ള പിണറായിയുടെ തറക്കളി മാത്രം!