ഓ മൈ ഗോഡ്…. ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ

കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിശ്വസ്ത സ്ഥാപനം – അത് നമ്മുടെ പിണറായി സർക്കാർ.
സിഎജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുന്നു. അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസിനെതിരായ പരാമര്‍ശങ്ങളാണ് പരിശോധിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ ..

മുഖ്യമന്ത്രിയുടേത് സത്യസന്ധമായ നിലപാടെന്ന് ഭക്തജന കച്ചേരിക്കാർ വാഴ്ത്തട്ടെ – പക്ഷേ വസ്തുത അതൊന്നുമല്ല. സി എ ജി റിപ്പോർട്ടിലെ നിരീക്ഷണങ്ങളും കണ്ടെത്തെലുകളും പൂർണമായി ആഭ്യന്തര വകുപ്പു സെക്രട്ടറിയും പോലീസ് മേധാവിയും അംഗീകരിച്ചതാണെന്ന് സിഎജി റിപ്പോർട്ടിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ ആരെ പറ്റിക്കാനാണി അന്വേഷണം ? ആഭ്യന്തര വകുപ്പ് സെക്രട്ടറി അംഗീകരിച്ച റിപ്പോർട്ടിനെക്കുറിച്ച് അതേ സെക്രട്ടറി തന്നെ പുതിയതായി എന്ത് അന്വേഷിച്ച് കണ്ടെത്താനാണ്? തലക്ക് വെളിവുള്ള ആരെങ്കിലും ഇത്തരമൊരു അന്വേഷണം നടത്താൻ തുനിയുമോ.
സി എ ജി റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിൽ ഓഡിറ്റ് നടത്തിയതിനെക്കുറിച്ച് പറയുന്നത് കാണുക –

*സി എ ജി റിപ്പോർട്ട് പേജ് – 11
ഓഡിറ്റിൻ്റെ വ്യാപ്തിയും സമ്പ്രദായവും…

‘ 2013 – 18 കാലയളവ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തന ക്ഷമത ഓഡിറ്റ് 2018 മെയ് മുതല്‍ 2018 ഒക്ടോബര്‍ വരെ സര്‍ക്കാര്‍ സെക്രട്ടറിയേറ്റ്, പോലീസ് ആസ്ഥാനം, കേരള പോലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, തെരഞ്ഞെടുത്ത ഫീല്‍ഡ് ഓഫീസുകള്‍ എന്നിവടങ്ങളിലെ പ്രസക്ത രേഖകളുടെ ലാക്ഷണിക പരിശോധനയിലൂടെ നടത്തി. പോലീസ് വകുപ്പിന്റെ നവീകരണത്തിനായുള്ള പദ്ധതികളുടെ വിവിധ ഘടകങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന് സംയുക്ത ഭൗതിക പരിശോധനയും ഓഡിറ്റ് നടത്തി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായും പോലീസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ ജനറലുമായും (ഐ.ജി) 2018 ഏപ്രില്‍ 25ന് പ്രാരംഭ കൂടിക്കാഴ്ച്ചയില്‍ ഓഡിറ്റ് ഉദ്ദേശങ്ങളും മാനദണ്ഡങ്ങളും ഓഡിറ്റ് ചെയ്യുന്ന സമ്പ്രദായവും ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും സംസ്ഥാന പോലീസ് മേധാവിയുമായും 2019 ഏപ്രില്‍ എട്ടിന് നടന്ന അന്തിമ കൂടിക്കാഴ്ച്ചയില്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍ വിശദമായി ചര്ച്ച ചെയ്തു. കേരള സര്‍ക്കാരിന്റെ മറുപടി അനുയോജ്യമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റിന്റെ ശുപാര്‍ശകളെല്ലാം കേരള സര്‍ക്കാര്‍ സ്വീകരിച്ചു’ – ”

ഓഡിറ്റിനോട് സഹകരിച്ച ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും നന്ദിയും രേഖപ്പെടുത്തിയ സി എ ജി ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ക്കുറിച്ച് വീണ്ടും ആഭ്യന്തര വകുപ്പിനെ കൊണ്ട് അന്വേഷിപ്പിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ വലിയ മനസിനെ അഭിനന്ദിക്കാതെ വയ്യ. ..
ഓ മൈ ഗോഡ്….
ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ….

ഇത്തരത്തില്‍ ആഭ്യന്തരവകുപ്പിനെയും പോലീസിനെയും ബോധ്യപ്പെടുത്തി നടത്തിയ ഓഡിറ്റിനെക്കുറിച്ച് ഇനി ഒരിക്കല്‍ കൂടി ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുന്നതില്‍ പ്രസക്തിയില്ല. ഓഡിറ്റ് നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ച സര്‍ക്കാരും പോലീസും ആഭ്യന്തര വകുപ്പും ഇനി അന്വേഷണം നടത്തുന്നത് ആരെ രക്ഷിക്കാനാണ്? സി എ ജിയുടെ ഓഡിറ്റിനെ കവച്ചു വെക്കുന്ന എന്ത് ഓഡിറ്റ് സമ്പ്രദായ മാണ് ഹോം സെക്രട്ടറിയുടെ പക്കലുള്ളത്?
കാണാതായ തോക്ക് തച്ചങ്കരി തപ്പി എടുത്തതു പോലെ വല്ല മാജിക്കും കാണിക്കുമായിരിക്കും ..