മൂന്ന് അന്തേവാസികള്‍ മരിച്ചു; വിശദീകരണവുമായി പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി

കോട്ടയം: മാനസീകാരോഗ്യ കേന്ദ്രത്തിലെ മൂന്ന് അന്തേവാസികളുടെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി വിശദീകരണവുമായി രംഗത്ത്. അന്തേവാസികള്‍ക്ക് വൈറസ് രോഗബാധയില്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരിച്ചയാളുടെ സാമ്പിള്‍ വിശദ പരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രക്തവും തൊണ്ടയിലെ സ്രവവും ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധിച്ചു. കൊറോണ, എച്1എന്‍1, നിപ്പ, ഡെങ്കിപ്പനി തുടങ്ങിയ വൈറസ് മൂലമുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നയാളെ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 26നും 27നും സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. എല്ലാ അന്തേവാസികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്കും പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ മരിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സാമ്പിള്‍ വിശദ പരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് അയച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ക്ക് പനിയോ മറ്റ് സാംക്രമിക രോഗങ്ങളോ ബാധിച്ചിട്ടില്ല.