മൂല്യബോധവും ഉന്മാദനടനവും

രഘുനാഥൻ പറളി
‘വെടിവഴിപാട് ‘ എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെയാണ് സംവിധായകൻ ശംഭു പുരുഷോത്തമൻ ശ്രദ്ധിക്കപ്പെടുന്നത്. മലയാളിയുടെ ദമിത കാമനയുടെയും കപട സദാചാരത്തിൻ്റെയും കടയ്ക്കൽ കത്തിവെക്കാൻ മുതിർന്ന പ്രസ്തുത ചിത്രം കുടുംബം പലപ്പോഴും ഒരു കപട സ്ഥാപനം പോലെ പ്രവർത്തിക്കുന്നതെങ്ങനെ എന്നും എന്തുകൊണ്ട് എന്നും അന്വേഷിക്കാൻ കൂടി ധൈര്യപ്പെടുകയുണ്ടായി – ആ അന്വേഷണത്തിൽ പല പരിമിതികളും ഉണ്ടാകാമെങ്കിലും..! അവിടെ നിന്നാണ് ഇപ്പോൾ ശംഭു പുരുഷോത്തമൻ തൻ്റെ രണ്ടാമത്തെ ചിത്രമായ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിലെത്തുന്നത്. ഗ്രാമീണരതിഭാഷയുടെയും ദ്വയാർത്ഥ പ്രയോഗങ്ങളുടെയും ഒരു വെടിക്കെട്ടുകൂടിയായി പരിണമിച്ച വെടിവഴിപാട് പ്രേക്ഷകർ ഉൾക്കൊള്ളാൻ പ്രയാസപ്പെട്ടത് സ്വാഭാവികം. എന്നാൽ പുതിയ ചിത്രത്തിൽ, ഒരു മികച്ച അനസ്തെറ്റിസ്റ്റിനെ അനുസ്മരിപ്പിക്കും വിധം, ഹാസ്യം കൊണ്ട് പ്രേക്ഷകനെ പതുക്കെ മയക്കിയാണ്, ലൈംഗിക ദാരിദ്ര്യം മുതൽ ലൈംഗിക ജീർണ്ണത വരെ ഭിന്നതലങ്ങളിൽ നിശബ്ദമാക്കപ്പെട്ടതോ അടിച്ചമർത്തപ്പെട്ടതോ ആയ മലയാളിയുടെ രതി ജീവിതത്തെ പതുക്കെ ശസ്ത്രക്രിയ ചെയ്യുകയാണ്. സുപരിചിതമായ എന്നാൽ ഏറെ ആഴമുള്ള ആ ബൈബിൾ വാക്യത്തെ തന്നെയാണ് ഇവിടെ സംവിധായകൻ തൻ്റെ ശസ്ത്രം അഥവാ ആയുധമാക്കുന്നതും.

വിവാഹം എന്നത് വലിയ വിപണിയാകുന്നത്-പച്ചയായ കച്ചവടമാകുന്നത് സിനി മയുടെ മുഖ്യ പ്രമേയമാണ്. അതു തന്നെ പതുക്കെ നീറുന്ന ഹാസ്യമായി പരിണമിക്കുന്നത് ശ്രദ്ധേയമാണ്. പ്രതാപികളായിരുന്ന, എന്നാൽ ഇപ്പോൾ വലിയ തകർച്ച നേരിടുന്ന ഒരു ക്രിസ്ത്യൻ കുടുംബം കോടികൾ സ്ത്രീധനം വാങ്ങി മറ്റൊരു യാഥാസ്ഥിതിക കുടുംബവുമായി ഉണ്ടാക്കുന്ന വൈവാഹികക്കരാറും അനുബന്ധമായി മനസ്സമ്മത ദിനത്തിൽ നടക്കുന്ന സംഭവങ്ങളും ചേർന്നാണ് ഈ സിനിമ നമ്മളിലെത്തുന്നത്. ബിസിനസിലുണ്ടായ അപ്രതീക്ഷിത തകർച്ചമൂലം കടക്കെണിയിലായ ആഡംബര പ്രിയരായിരുന്ന കുടുംബം തങ്ങളുടെ കൊടിയ പതനത്തിൽനിന്ന് രക്ഷനേടാൻ അതിസമ്പന്നനായ മാത്തച്ചന്റെ മകളുമായുണ്ടാക്കുന്ന വിവാഹക്കരാർ, പതുക്കെ പല വലിയ വെളിപാടുകളിലേക്കും വാതിൽ തുറക്കുന്ന ദാരുണ ഘട്ടങ്ങൾ, ഒരർത്ഥത്തിൽ ചിരിയും കരച്ചിലും പരസ്പരം കുഴമറിയുന്ന നിസ്സഹായമായ ദൈന്യവേളകൾ കൂടിയാണ്. മൂല്യവ്യവസ്ഥകൾ പെട്ടെന്ന് തകർന്ന് വീഴുകയും മനുഷ്യർ-അമ്മയോ മകനോ പള്ളിയിലച്ചനോ സഹോദരനോ ചിറ്റപ്പനോ ആരുമാകട്ടെ-പെട്ടെന്ന് നഗ്നരാകുകയും ചെയ്യുന്നിടത്താണ് സിനിമ അതിൻ്റെ ആഘാത ചികിത്സ പൂർത്തിയാക്കുന്നത്.
സംവിധായകൻ തന്നെ തയ്യാറാക്കിയിട്ടുളള സ്ക്രിപ്റ്റ് ഏറെക്കുറെ കൃത്യമാണ്. കാസ്റ്റിങ്ങിൻ്റെ കാര്യത്തിലും സിനിമ മുന്നിൽ നിൽക്കുന്നു. വിനയ് ഫോർട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് റോയിച്ചൻ എന്നതിൽ സന്ദേഹമില്ല. നവവധു ലിൻഡ ആയി എത്തുന്ന ശാന്തി ബാലചന്ദ്രനും മികച്ച സാന്നിധ്യമാണ്.

കഞ്ചാവിനാൽ എപ്പോഴും ‘ധ്യാന’ത്തിലിരിക്കുന്ന വിവേകിയായ ഉമ്മച്ചന്റെ റോളിൽ മധുപാൽ കൗതുകപ്പെടുത്തുന്നു. അലൻസിയർ, അനിൽ നെടുമങ്ങാട്, ശ്രിന്ദ, അരുൺ കുര്യൻ, ടിനി ടോം, ജെയിംസ് ഏലിയാ, ഗ്രെയ്‌സ്, തുടങ്ങി എല്ലാവരും സിനിമയിൽ നന്നായി ജീവിക്കുന്നുണ്ട്. മനസ്സമ്മതത്തിലെ സംഗീത വേദിയിൽ ലിൻഡ നടത്തുന്ന ഉന്മാദ നൃത്തം, വാസ്തവത്തിൽ നമ്മുടെ മൂല്യവ്യവസ്ഥിതിക്കു മുകളിൽ നടക്കുന്ന ഒരു സാംസ്കാരിക നടനം കൂടിയായിത്തീരുന്നു എന്നിടത്താണ് ഈ ചിത്രം അതിൻ്റെ സൂക്ഷ്മവും ശക്തവുമായ വിജയം കൈവരിക്കുന്നത്.