താനാരുവാ..

റോയ് മാത്യു

ലോക്‌സഭയില്‍ ലൗജിഹാദിനെക്കുറിച്ച് ചോദ്യം ചോദിച്ച കോണ്‍ഗ്രസ് അംഗമായ ബെന്നി ബെഹനാനെതിരെ സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത. ലൗജിഹാദ് ശരിയെന്ന വാദം ആവര്‍ത്തിച്ച് കൊണ്ട് രൂപതയുടെ ഔദ്യോഗിക മുഖ പത്രമായ ‘ കത്തോലിക്ക സഭ’ യിലാണ് ബെന്നി ബെഹനാനെ വിമര്‍ശിച്ചിരിക്കുന്നത്. ലൗ ജിഹാദ്: അമ്മമാരുടെ കണ്ണീരാണ് തെളിവുകള്‍ എന്ന ലേഖനത്തിലാണ് ബെന്നി ബെഹനാനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നത്. ലൗ ജിഹാദ് നിയമപ്രകാരം നിര്‍വചിക്കണമെന്നും അത് തടയാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ട് വരുന്നതിനിടെയായിരുന്നു ബെന്നി ബെഹനാന്റെ ഗതിമാറിയ ചോദ്യം പാര്‍ലമെന്റില്‍ വന്നതെന്നാണ് രൂപതയുടെ പത്രത്തിന്റെ ആരോപണം.

Generally, the first hour of a sitting of Lok Sabha is devoted to the Questions and this hour is called the Question Hour. It has a special significance in the proceedings of the Parliament. Asking of questions is an inherent and unfettered parliamentary right of members. It is during the Question Hour that the members can ask questions on every aspect of administration and Governmental activity. Government policies in national as well as international spheres come into sharp focus as the members try to elicit pertinent information during the Question Hour. എന്നാണ് ചോദ്യോത്തര വേളയെക്കുറിച്ച് നമ്മുടെ ഭരണഘടനാ ശില്പികൾ എഴുതി വെച്ചിരിക്കുന്നത്.
ബിഷപ്പുമാരുടെ തോന്ന്യാസങ്ങൾക്ക് ചൂട്ട് പിടിക്കാനല്ല ഇന്ത്യൻ പാർലമെൻ്റ് രൂപീകരിച്ചത്.

പാർലമെൻ്റിൽ ചോദ്യം ചോദിക്കാനുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ അവകാശത്തെയാണ് കത്തോലിക്കാ സഭ മ്ലേഛമായ തരത്തിൽ ചോദ്യം ചെയ്യുന്നത്. ഒരു എം പി ക്ക് ലോക്സഭയിൽ ചോദ്യം ചോദിക്കാൻ കേരളത്തിലെ കത്തോലിക്കാ സഭയുടെ അനുവാദം വേണമെന്ന അവസ്ഥ പാർലമെൻ്ററി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. O വട്ടത്തിൽ കിടക്കുന്ന ഒരു സഭയുടെ ഇംഗിത മനുസരിച്ച് പ്രവർത്തിക്കാൻ തനിക്ക് മനസില്ലെന്ന് പറയാൻ ബെന്നി ബഹനാൻ തയ്യാറാവണം. സിറോ മലബാർ സഭയെ സുഖിപ്പിക്കാനല്ല, തന്നെ ജനങ്ങൾ തിരഞ്ഞെടുത്തു വിട്ടതെന്ന് പറയാനുള്ള ബാധ്യത ബെന്നിക്കുണ്ട്.

കഴിഞ്ഞ മാസം നാലാം തീയതി ലോക്‌സഭയില്‍ കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ബെന്നി ബെഹനാന്‍ ചോദ്യം ഉന്നയിച്ചിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. നിയമത്തിന്റെ മുമ്പില്‍ ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സഭയുടെ അനുവാദമില്ലാതെ ബെന്നി ചോദ്യം ചോദിച്ചുവെന്നാണ് തൃശൂർ മെത്രാനും ശിങ്കിടികളും ആരോപിക്കുന്നത്.

‘ ക്രിസ്ത്യാനികളുടെ വോട്ട് നേടി വിജയിച്ച ബെന്നി ബെഹനാന്റെ ലോക്‌സഭയിലെ ചോദ്യത്തിന് പിന്നിലും ദുരുദ്ദേശമുണ്ടെന്ന് വ്യക്തമാണ്. കേരളത്തില്‍ ലൗജിഹാദ് കേസുകളില്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ച വിവരം അറിവുണ്ടോ എന്നായിരുന്നു ബെന്നി ബെഹനാന്റെ അനവസരത്തിലുള്ള ചോദ്യം. ആര്‍ക്കുവേണ്ടിയാണ് എംപി ഇക്കാര്യം ചോദിച്ചതെന്ന് സംശയിക്കണം. ചര്‍ച്ച് ബില്ല് കൊണ്ട് വന്ന് സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന സഭാ വിരുദ്ധരുടെ കളിപ്പാവയായി ബെന്നി ബെഹനാന്‍ മാറിയതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് വസ്തുത. ലൗ ജിഹാദ് നിയമപ്രകാരം നിര്‍വചിക്ക ണമെന്നും അത് തടയാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ട് വരുന്നതിനിടെയായിരുന്നു ബെന്നി ബെഹനാന്റെ ഗതിമാറിയ ചോദ്യം പാര്‍ലമെന്റില്‍ വന്നത്. ഈ ചോദ്യത്തിലെ രാഷ്ട്രീയ മാനം തിരിച്ചറിയാതെയാണ് ചാനലുകള്‍ കലിതുള്ളിയിരിക്കുന്നതെന്നാണ് വിചിത്രമായ കാര്യമെന്നാണ് ‘തൃശൂര്‍ അതിരൂപ തയുടെ മുഖപത്രത്തില്‍ ആരോപിക്കുന്നത്.
ബിജെപിയുടെ താളത്തിന് തുള്ളുന്ന ന്യൂനപക്ഷ കമ്മീഷൻ്റെ വാറോല പ്രകാരം ക്രിസ്ത്യാനിയായ എം പി പ്രവർത്തിക്കണമെന്നാണ് മെത്രാൻ്റെ കല്പന.. മെത്രാൻ്റ “അരമന “യിലെ അരിവെപ്പുകാരനാണോ പാർലമെൻറംഗമായ ബെന്നി ബഹനാൻ.?

ക്രിസ്ത്യാനികളുടെ വോട്ടു കൊണ്ട് മാത്രമല്ല, താൻ ജയിച്ചതെന്ന് നട്ടെല്ല് നിവർത്തി പറയാനുള്ള തൻ്റേടം ബെന്നി കാണിക്കണം. ബാലറ്റ് പെട്ടിയിൽ വീഴുന്ന വോട്ടിന് ജാതിയും സഭയുമുണ്ടോ മെത്രാനേ പാർലമെൻ്ററി വോട്ടവകാശം കത്തോലിക്കാ സഭ ഇന്ത്യാക്കാരന് നല്കിയ ഔദാര്യവുമല്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും സ്വാതന്ത്ര്യ സമര പ്രസ്ഥാനമായ കോൺഗ്രസിനും ഗാന്ധിജിക്കും എതിരായിരുന്നു ഇന്ത്യയിലേയും കേരളത്തിലേയും കത്തോലിക്ക സഭ.
നിങ്ങളുടെ തോന്ന്യാസങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ മൂക്കിൽ കേറ്റുമെന്ന ധാർഷ്ട്യം അങ്ങ് ചുരുട്ടി പളളിൽ വെക്കുന്നതാണ് സഭയുടെ ആരോഗ്യത്തിന് നല്ലത്. കീലേരി അച്ചു മോഡലിലുള്ള തൃശൂർ മെത്രാൻ്റെയും ശിങ്കിടികളുടേയും വെരട്ടൽ അങ്ങ് കയ്യിൽ വെച്ചാ മതിയെന്ന് ബെന്നിയും കോൺഗ്രസ് നേതൃത്വവും പറയാൻ ധൈര്യം കാണിക്കണം