കൊറോണ; രാജ്യത്ത് ഇതുവരെ 28 കേസുകള്‍ സ്ഥിരീകരിച്ചെന്ന് ഹര്‍ഷവര്‍ധന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 28 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിങ്.

ഇറ്റലിയില്‍ നിന്നെത്തിയ 21 വിനോദസഞ്ചാരികളില്‍ 16 പേര്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 1, ആഗ്രയില്‍ 6, തെലങ്കാനയില്‍ 1, കേരളത്തില്‍ 3(രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള രോഗബാധിതരുടെ കണക്കുകള്‍.

അതേസമയം രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും, ഡല്‍ഹിയിലെ എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.

‘വളരെ എളുപ്പത്തില്‍ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാല്‍ ചെറിയ മുന്‍കരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാല്‍ ആശുപത്രിയില്‍ ചികിത്സ തേടണം’ – മന്ത്രി നിര്‍ദേശിച്ചു.