സി എ ജി റിപ്പോർട്ട് ചോർത്തിയ ജോജോ

മലയാള പത്രപ്രവർത്തന ചരിത്രത്തിലെ എക്കാല ത്തേയും മികച്ച സ്കൂപ്പുകളിലൊന്നിൻ്റെ ഉടമയാണ് കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി. ജോജോ. സി എ ജി റിപ്പോർട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർത്തി പത്രത്തിൽ അച്ചടിച്ച് ഭൂകമ്പ മുണ്ടാക്കി. ഒന്നാമത്തെ ഇ എം എസ് സർക്കാരിൻ്റെ ബജറ്റ് ചോർത്തി കൗമുദി പത്രത്തിലച്ചടിച്ച മഹാനായ പത്രാധിപർ കെ. ബാലകൃഷ്ണൻ്റെ സ്കൂപ്പിന് തുല്യമാണ് ജോജോയുടെ സിഎജി സ്കൂപ്പും.

1994 ഫെബ്രുവരി 15 ചൊവ്വാഴ്ച കേരളകൗമുദി പത്രത്തിൽ ജോജോയുടെ ബൈലൈനിൽ എട്ടു കോളം വാർത്ത – ”പാമോയിൽ അഴിമതി – മുഖ്യമന്ത്രി കുറ്റക്കാരൻ : സിഎജി ”
പൊതുഖജനാവിന് ആറരകോടിയോളം രൂപ നഷ്ടമുണ്ടാക്കിയ പാമോയിൽ ഇറക്കുമതി ഇടപാടിൽ മുഖ്യമന്ത്രി കെ. കരുണാകരൻ നിർണായക പങ്ക് വഹിച്ചതായി കംപ്ട്രോളർ ആൻ്റ് ആഡിറ്റർ ജനറൽ കുറ്റപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന ഗവർണറെ അദ്ദേഹം ഈ വിവരം ധരിപ്പിച്ചു കഴിഞ്ഞു ” .
ഇതായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

ഈ വാർത്തയെ അടിസ്ഥാനമാക്കി അന്നേ ദിവസം തന്നെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ സഭയിൽ അടിയന്തര പ്രമേയവും അവതരിപ്പിച്ചു. ഒപ്പം വാക്കൗട്ടും നടത്തി.
(ഒമ്പതാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം)

ജോജോയുടെ റിപ്പോർട്ട് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. സി പി എമ്മും അവരുടെ പോഷക സംഘടനകളും പ്രക്ഷോഭവും പ്രതിഷേധങ്ങളുമാ യി തെരുവിലിറങ്ങി. 1994 ഫെബ്രുവരി 15 ന് ഇപ്പോഴത്തെ മന്ത്രി കടകംപള്ളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പൊതുയോഗം, പ്രതിഷേധ പ്രകടനം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. .. സിഎജി റിപ്പോർട്ട് ചോർന്നത് ഭരണഘടനാ ലംഘനമാണെന്ന് ഇപ്പോൾ പറഞ്ഞു നടക്കുന്നതിലെ പ്രമുഖൻ മന്ത്രി കടകം പള്ളിയാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അക്കാലത്ത് സി പി എമ്മിൻ്റ നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്നു.

അന്നത്തെ സി എ ജിയുടെ കണ്ടെത്തൽ പവിത്രം, ചോർന്നു കിട്ടിയത് മഹാ സംഭവം എന്നൊക്കെ യായിരുന്നു അന്ന് സി പി എമ്മും ഇടതുപക്ഷവും വാഴ്ത്തിപ്പാടിയത്. ചോർന്ന റിപ്പോർട്ടിൻ്റെ പേരിൽ കരുണാകരൻ രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം. കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പാർട്ടിയുടെ താത്വികാചാര്യൻ
ഇ എം എസ് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു. 1957 ൽ ഒന്നാം കേരള നിയമ സഭയുടെ ബജറ്റ് ചോർത്തി കൗമുദി പത്രത്തിൽ വാർത്ത അച്ചടിച്ച പത്രാധിപർ കെ. ബാലകൃഷ്ണനും ലേഖകൻ ജി. വേണുഗോപാലിനുമെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസെടുപ്പിച്ചത് ഇ എം എസിൻ്റെ സർക്കാരായിരുന്നു എന്ന കാര്യം മറക്കണ്ട. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒഫീഷ്യൽ സീക്രട്ട് നിയമം ലംഘിച്ചുവെന്നാരോപിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തത് കമ്യൂണിസ്റ്റ് സർക്കാരായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കാനാവില്ല.

ചോർന്നു കിട്ടിയ സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി “രാജിവെച്ച് പുറത്ത് കടക്കു” എന്ന തലക്കെട്ടിൽ ഫെബ്രുവരി 19ന് ദേശാഭിമാനി മുഖപ്രസംഗവും എഴുതി. എല്ലാ കോലാഹലങ്ങളും ചോർന്നു കിട്ടിയ സിഎജി റിപ്പോർട്ടിൻ്റേയും പത്രവാർത്തയുടേയും പേരിലായിരുന്നു എന്നത് ശ്രദ്ധേയം തന്നെ!

സി എ ജി റിപ്പോർട്ടിനെക്കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ച് പിന്നേയും ഏഴ് ദിവസം കഴിഞ്ഞാണ് , അതായത് 1994 ഫെബ്രുവരി 21 നാണ് ധനകാര്യ മന്ത്രി ഉമ്മൻ ചാണ്ടി സിഎജി റിപ്പോർട്ട് സഭയിൽ വെച്ചത്. സി എ ജി റിപ്പോർട്ട് ചോർത്തി വാർത്തയാക്കിയ മാധ്യമത്തേയോ, ലേഖകനേയോ, സി എ ജിയേയോ അന്നത്തെ മുഖ്യമന്ത്രി കരുണാകരനോ, ഭരണകക്ഷിയായ കോൺഗ്രസോ അധിക്ഷേപിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ജോജോയും സ്ഥിരികരിക്കുന്നു. ഇന്നിപ്പോൾ ഇടതുപക്ഷവും മന്ത്രിമാരും സിഎജിയെ തച്ചിനിരുന്ന് തെറി വിളിക്കയാണ്. കൂട്ടത്തിൽ സ്പീക്കറും.

എന്നാൽ ഇക്കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിൽ പ്രതിപക്ഷ അംഗം പി.ടി. തോമസ് ധനകാര്യ ബില്ലിൻ്റ ചർച്ചാ വേളയിൽ പോലീസിലെ അഴിമതിയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളാണെന്ന് പി.ടി. തൻ്റെ പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നില്ല. പക്ഷേ , പിറ്റേന്ന് സഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോർട്ടിൽ പിടി തോമസ് ഉന്നയിച്ച വിഷയങ്ങളെ കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നു. റിപ്പോർട്ട് ചോർന്നുവെന്ന് പറഞ്ഞ് ഇപ്പോൾ കോലാഹലമുണ്ടാക്കുകയും സിഎജിയെ തെറി വിളിക്കുകയും ചെയ്യുന്നവർ ചരിത്രം സൗകര്യപൂർവം വിസ്മരിക്കയാണ്.
26 വർഷം മുമ്പ് ജോജോ ചോർത്തിയ സി എ ജി റിപ്പോർട്ടിൻ്റെ ചരിത്ര പ്രാധാന്യം ഒരിക്കൽ കൂടി ചർച്ചയാവുന്നു.

റോയ് മാത്യു