കൊറോണ: ഇന്ത്യയ്ക്കാര്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈത്തിലേക്കു വരുമ്പോള്‍ കൊറോണ വൈറസ് ബാധ ഇല്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മാര്‍ച്ച് എട്ടു മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക. കുവൈത്ത് എംബസിയുടെ അംഗീകൃത വൈദ്യകേന്ദ്രങ്ങളില്‍നിന്നു സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഇതിനായി ഹാജരേക്കണ്ടത്. കുവൈത്ത് വ്യോമയാന അതോറിറ്റിയാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ഇന്ത്യയ്ക്ക് പുറമേ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയത്.കുവൈത്ത് എംബസി അംഗീകാരം നല്‍കിയ ഒരു പരിശോധനാകേന്ദ്രത്തിലും കൊറോണ വൈറസ് ബാധ പരിശോധിക്കുന്ന സംവിധാനം നിലവിലില്ല. അതു കൊണ്ടു തന്നെ ഇത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. നിലവില്‍ കേരളത്തില്‍ ആലപ്പുഴ വൈറോളജി സെന്ററില്‍ മാത്രമേ ഇതിനായി സൗകര്യമുള്ളൂ. ഇവിടെനിന്നുള്ള പരിശോധന ഫലമാകട്ടെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുമതിയോടു കൂടിയേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ എന്നാണു നിബന്ധന.

വൈറസ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രത്തിനു നിലവില്‍ മറ്റു മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ ഇല്ല. മാര്‍ച്ച് എട്ടിനകം കുവൈത്തില്‍ തിരികെയെത്തുന്നവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. വിദേശകാര്യ മന്ത്രാലയം അടിയന്തിരമായി ഇടപെടുക എന്നതാണു മറ്റൊരു വഴി. എന്നാല്‍ ഒരു രാജ്യത്തെ ആരോഗ്യ സുരക്ഷാപ്രശ്നവുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യത്തിന്റെ ഇടപെടലിനുംഏറെ പരിമിതികളുണ്ട്. കേരളത്തിലെ അംഗീകൃത മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളുടെ പട്ടിക കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ ഇതുവരെ മൂന്ന് കൊറോണ വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.