കൊറോണ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കും

മുംബൈ: കൊറോണ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കുമെന്ന് റേറ്റിങ് ഏജന്‍സികള്‍. വിവിധ ഏജന്‍സികള്‍ക്ക് പിന്നാലെ ഇന്ത്യ റേറ്റിങും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രവചനം കുറച്ചു. 5.5 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായാണ് കുറച്ചത്. കോവിഡിനെ നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 21 ദിവസത്തെ ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ ഗുരുതമായി ബാധിക്കുമെന്ന് ഇന്ത്യ റേറ്റിങ് പറയുന്നു. 2020 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 3.6 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. 2021 ആദ്യ പാദത്തില്‍ അത് 2.3 ലേക്ക് വീഴും. 2021ലെ അര്‍ദ്ധപാത വളര്‍ച്ച 2.8 ശതമാനമായിരിക്കും. അവസാന പാദങ്ങളില്‍ വളര്‍ച്ച തിരികെവരുമെന്നും ഇന്ത്യ റേറ്റിങ് പ്രവചിക്കുന്നു.കൃഷിയും നിര്‍മാണ മേഖലയുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രധാന തൊഴില്‍ സ്രഷ്ടാക്കള്‍. ഇവ രണ്ടിലും ഗുരുതമായ ആഘാതങ്ങള്‍ കൊറോണ സൃഷ്ടിക്കും. അവശ്യേതര സാധനങ്ങള്‍ കിട്ടാതാകുന്നതു മൂലം അതിലും മുരടിപ്പുണ്ടാകും. വിനോദം, സ്‌പോര്‍ട്‌സ്, മൊത്തവ്യാപാരം, ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയിലും വീഴ്ചയുണ്ടാകും. നേരത്തെ, റേറ്റിങ് ഏജന്‍സികളായ മൂഡീസും ക്രിസിലും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചിരുന്നു. മൂഡീസ് അനുമാനം 5.3ല്‍ നിന്ന് 2.5 ശതമാനത്തിലേക്കും ക്രിസില്‍ 3.5 ശതമാനത്തിലേക്കുമാണ് താഴ്ത്തിയിരുന്നത്. അതിനിടെ, കൊറോണയെ നേരിടാന്‍ റിസര്‍വ് ബാങ്ക് പ്രധാന പലിശനിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു. പണലഭ്യത ഉറപ്പാക്കാനായി ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തിലും കുറവു വരുത്തിയിരുന്നു.