പ്രവാസികള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് കഞ്ഞികുടിച്ചു കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുത്: പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവര്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നും മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ നാടുകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ സ്വാഭാവികമായും നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കാം. തിരിച്ചുവന്നവര്‍ ന്യായമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇവ നമ്മുടെ നാട്ടിലെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ, ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ഇത് എല്ലാവരും മനസിലാക്കണം. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ല- മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടാകും. അത്തരത്തില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. നിങ്ങള്‍ അവിടെ സുരക്ഷിതമായി കഴിയുക, സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുക. നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കും. ഈ നാട് എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.