ഞാൻ (കവിത )

ലിഖിത ദാസ്

നിങ്ങൾ കാണുമ്പോഴൊക്കെ
ഞാൻ ഒറ്റയായിരുന്നുവല്ലൊ..
നമ്മൾ ആദ്യമായി കാണുമ്പോഴും
അവസാനം ഒരു പാതിക്കാപ്പിയെ
എനിയ്ക്ക് മുൻപിൽ തണുക്കാൻ വിട്ടിട്ട്
നിങ്ങളെഴുന്നേറ്റ് പോയപ്പോഴും
ഞാൻ തനിച്ചായിരുന്നുവല്ലൊ.
അന്നും ഞാൻ കരഞ്ഞിരുന്നില്ല
എന്നാണോർമ്മ.
നിങ്ങളെ, നിങ്ങളുടെ കണ്ണുകളെ
ഓർക്കുമ്പോഴൊക്കെ
ആ കാപ്പിയുടെ തണുപ്പ്
എന്റെ ഹൃദയത്തിലേയ്ക്കരിയ്ക്കും.

എനിയ്ക്ക് വേണ്ട മുഴുവൻ മനുഷ്യരെയും
ഒരു കരയിലുപേക്ഷിച്ച്
മറുകര നോക്കി
ഞാനതിവേഗത്തിൽ പോന്നത്
നിങ്ങൾക്കു വേണ്ടിയാണ്.
നിങ്ങളുടെ ഒഴുക്കുള്ള വാക്കുകൾക്കുള്ളിൽ
കിടന്നുകിടന്ന് എനിയ്ക്ക് മതിഭ്രമം ബാധിച്ചിരുന്നിരിക്കും.
അല്ലെങ്കിൽ നിങ്ങൾക്ക്
കവിത കൊണ്ട്ചിറകുതുന്നിത്തന്ന
പക്ഷിയുടെ പേരന്വേഷിക്കാൻ വേണ്ടിമാത്രം ഞാൻ നിങ്ങളെത്തിരക്കി
ഇറങ്ങില്ലായിരുന്നുവല്ലൊ..

നിങ്ങളുടെ കവിളിൽ ഒരു ചിത്രശലഭത്തെ
പച്ച കുത്തിയാലെന്തെന്ന്
ഞാൻ എന്നുമോർക്കും..
നിങ്ങൾ എനിയ്ക്കുവേണ്ടി
മിണ്ടിക്കൊണ്ടിരിക്കുമ്പോഴൊക്കെയും
അത് ചിറകനക്കണം.
നിന്റെ ഭാഷയോ,
നീ എന്ത് സംസാരിക്കുന്നു എന്നതു പോലും
എനിയ്ക്ക് വിഷയമല്ലാതാവും.
ചിറകനങ്ങുമ്പോഴൊക്കെ
എനിയ്ക്കുവേണ്ടി..
എനിയ്ക്കുവേണ്ടിയാരും ഇന്നേവരെ
ഇത്ര മധുരമായി സംസാരിച്ചിട്ടില്ലെന്ന്
എനിയ്ക്ക് തോന്നണം – അത്രമാത്രം..!

നിന്റെ കരയിലെങ്കിലും എനിയ്ക്ക്
ഒച്ചയെടുത്ത് കരയാനും ചിരിക്കാനും
ഒരിടം വേണം,
ചാരിപ്പിടിച്ചിരിക്കാൻ
ഒരു ചുവരും.
ഓർമ്മകൾക്കിടയിൽ ശ്വാസം ഞെരുങ്ങി
തലച്ചോറിനു കനം വയ്ക്കുമ്പോ
നിങ്ങൾ കൈ നീട്ടരുത്..
എന്നെ കെട്ടിപ്പിടിയ്ക്കരുത്.
നിങ്ങളുടെ കൈകൾക്കുള്ളിൽ നിന്ന്
ഊരിപ്പോരാൻ സാധിക്കാത്ത വിധം
എന്നെ ഞാൻ
നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്.
അല്ലെങ്കിലും
“വാ..” എന്നൊരു വിളികൊണ്ട് പോലും
ക്ഷണിക്കാത്ത
നിങ്ങളുടെ കൈകൾക്കുള്ളിൽ കിടന്ന്,
ഹൃദയത്തിന്റെ ചൂടുപറ്റി
ഞാൻ ഉറങ്ങുന്നതെങ്ങനെ..??

മുറിവേറ്റവർക്കു വേണ്ടി..
ഒറ്റയ്ക്കൊളിച്ചോടുന്നവരെപ്പറ്റി
നിങ്ങളെഴുതാൻ പോകുന്ന
ഏറ്റവും പുതിയ കവിതയേതാണ്..?
അതിലെ എത്രാമത്തെ മുറിയിലാണ്
നിങ്ങൾ രഹസ്യമായി
എന്നെ കിടത്തിയിരിക്കുന്നത്..
നിങ്ങളെ..
സത്യസന്ധനായ നിങ്ങളെ വായിക്കാൻ
ഏത് വരിയിലിറങ്ങി നിന്നാലാണ്
എനിയ്ക്ക് സാധിക്കുക‌‌??

അലോസരപ്പെടേണ്ട..
ഓർക്കുന്നില്ലേ..?
ചോദ്യങ്ങൾ കൊണ്ട് മാത്രമാണ്
ഞാൻ നമുക്കിടയിലെ പൊത്തുകൾ അടച്ചിരുന്നത്‌..
ഉത്തരങ്ങള്‍ക്കുവേണ്ടി
സമയം വിട്ടിരുന്നുമില്ല.
പ്രണയത്തിന്റെ പക്ഷത്തിന് അല്ലെങ്കിലും
ഉത്തരങ്ങള്‍ ആവശ്യമില്ല..
അത് സ്നേഹം..സ്നേഹമെന്ന് മാത്രം
ആവർത്തിച്ചുകൊണ്ടേയിരിക്കും.
മടങ്ങിപ്പോവാനിറങ്ങുമ്പൊ
“നിനക്ക്.. ” എന്ന് നിങ്ങൾ നീട്ടിപ്പിടിച്ച
നാലൊ അഞ്ചൊ വരികൾ
എനിയ്ക്ക് വേണ്ടെന്ന്
ധൈര്യപൂർവം ഞാൻ നിരസിക്കും.
പക്ഷേ,
മറക്കാതെ ചുണ്ടിൽ നീ
എനിയ്ക്കൊരുമ്മ തരണം.
അന്നു ബാക്കിയിട്ട കാപ്പിയോളം
തണുപ്പുള്ളത്.
ആ നിമിഷത്തേയ്ക്കെങ്കിലും
നിങ്ങൾ ആത്മാർത്ഥമായി എന്നെ..
എന്നെമാത്രം ഓർത്തിരിക്കുമെന്ന്
എനിയ്ക്കുറപ്പുണ്ട്.
ആ ഒരൊറ്റ നിമിഷത്തിലാണ് ഞാൻ
വിശ്വസിക്കുന്നത്.

ശേഷം ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന്
ഒരിക്കൽ കൂടി ആശ്വസിച്ച്, ആവർത്തിച്ചുറപ്പിച്ച്
ഞാനെന്റെ മനുഷ്യരുടെ അടുത്തേയ്ക്ക്
തിരികെപ്പോരും.
അന്നേരം വേനലുതീണ്ടി
പൊടിഞ്ഞുതുടങ്ങിയൊരു ഹൃദയം
ശലഭപ്പെരുക്കവും കാപ്പിമണവും
തണുവും കൊണ്ട്
വല്ലാതെ നേർത്തുപോയെന്നിരിക്കും.