കാലം(കവിത )

എം.ബഷീർ
ഇപ്പോൾ ആദ്യമായിട്ടാണ്
തൊടിയിലെ അതിരിൽ
ഒരു മുരിങ്ങാമരം നിൽക്കുന്നത്
കണ്ണിൽ പെട്ടത്

ആ ഭാഗത്തേക്കൊന്നും
നോക്കാനേ സമയം കിട്ടാറില്ലായിരുന്നു
എന്നതാണ് സത്യം

ഇന്നലെ ഉച്ചയ്ക്കൂണിന്
മുരിങ്ങയില തോരനായിരുന്നു

കിണറ്റിൻ കരയിൽ
നിറയെ ചേമ്പുകളുള്ളത്
ഇതുവരെ ആരും പറഞ്ഞിട്ടില്ല
ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ
കൊല്ലങ്ങളായിക്കാണും

ഇന്ന് ചേമ്പിൻ വിത്ത്
പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്‌

ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന
പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും
ഇതുവരെ അറിഞ്ഞിട്ടില്ല
എല്ലാം അയൽവാസികൾ
പറിച്ചുകൊണ്ടുപോകാറാണ് പതിവ്

പഴുത്ത പപ്പായയുടെ രുചി
മറക്കില്ലെന്ന് മക്കൾ

കുട്ടികൾ ആദ്യമായി
ചാമ്പയ്ക്കാ മരത്തെ കാണുന്നു
അതിന്റെ ശിഖരങ്ങളുമായി
ചങ്ങാത്തത്തിലാകുന്നു
മുമ്പ് കാക്കകൾ തിന്നുതീർത്ത
വെള്ള വയലറ്റ് ചോപ്പ് ഇളം പച്ച
പല നിറങ്ങളിലുള്ള ചാമ്പയ്‌ക്കകൾ
അവർ തിന്നുകയും
കൂട്ടുകാർക്ക് സമ്മാനിക്കുകയും ചെയ്യുന്നു

അവർ ആദ്യമായി തുമ്പികളെ കാണുന്നു
ആരും പറയാതെ തന്നെ
അവയുടെ കൂടെ ഓടിക്കളിക്കുന്നു
അതിന് മുമ്പ് പാഠപുസ്തകത്തിലും
മൊബൈലിലും മാത്രമേ
അവർ തുമ്പികളെ കണ്ടിരുന്നുള്ളൂ

പേര മരത്തിൽ നിന്ന് വീണപ്പോൾ
ആരും പറയാതെ തന്നെ
അവർ തൊട്ടാവാടിയുടെ തളിരില ചതച്ച്
മുറിവിൽ വെക്കുന്നു
ഗെയിറ്റിനു വെളിയിൽ പിണങ്ങിനിന്ന
തൊട്ടാവാടികളെ
അവർ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു

മതിലിന് മുകളിൽ വന്നിരുന്ന
വെള്ളക്കൊക്കിനെ അവർക്ക് കാട്ടിക്കൊടുത്തു
തെങ്ങോലയിൽ വന്നിരുന്ന കുയിലിനെ
പ്ലാവിൻ കൊമ്പിലെ ചെമ്പോത്തിനെ
വാഴയിലയിലൂടെ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണനെ
സപ്പോട്ടമരത്തിൽ വന്നിരുന്ന നീലപ്പൊന്മാനെ
ഡിസ്കവറി ചാനലിലെന്നപോലെ
നോക്കിക്കണ്ട് അവർ അത്ഭുതം കൂറി

അലക്കു കല്ലിനു ചുവട്ടിലെ
മണ്ണിരകളെ
നനഞ്ഞ മണ്ണിലെ പൊത്തുകളിൽ നിന്ന്
തല പൊക്കിയ തവളകളെ
മതിലരികിലൂടെ നീങ്ങുന്ന
ഉറുമ്പുകളുടെ അഭയാർത്ഥി പ്രവാഹത്തെ
ഇലകളെ പൊതിഞ്ഞ പുൽച്ചാടികളെ
മണ്ണിൽ പൊടിഞ്ഞ പാറ്റകളെ
മാവിന്റെ ഇലകളിലൂടെ ഇഴഞ്ഞ
പച്ചിലപ്പാമ്പിനെ
പുള്ളിച്ചേമ്പിലയിലെ ചുവന്ന പുഴുവിനെ
അയലത്തെ വീട്ടിലെ ആട്ടിൻകുട്ടികളെ
കോഴിയമ്മയെയും കുഞ്ഞുങ്ങളെയും

കണ്ടു കണ്ട് കണ്ട് കുട്ടികൾ
വേറേതോ ലോകത്തിലെന്ന പോലെ
വിസ്മയപ്പെട്ടു

ഇതൊക്കെ എവിടായിരുന്നു
ഇത്രേം കാലം ഉപ്പാ?

ഇതൊക്കെ ഇവിടുണ്ടായിരുന്നു മകളേ

പിന്നെന്താ നമ്മള് കാണാതിരുന്നേ ഉപ്പാ?

അത് പിന്നേ..
നമ്മളിത്രേം കാലം
ഇവിടെയില്ലായിരുന്നു മകളേ…..